ഷൊർണൂർ: ഭാരതപ്പുഴയിൽ നിർമാണം പൂർത്തിയായ സ്ഥിരം തടയണയുടെ ഉദ്ഘാടനം മേയ് 26ന് നടക്കുമെന്ന് സൂചന. ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവരുന്നതിനായി സമയം ചോദിച്ചതായി അറിയുന്നു. തൃശൂർ ജില്ല അതിർത്തിയിലെ അരിക് ഭിത്തിയുടെ കുറച്ച് ഭാഗത്തെ കോൺക്രീറ്റ് ജോലികൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ആധുനിക രീതിയിലുള്ള 32 ഷട്ടറുകൾ ഘടിപ്പിക്കാനുണ്ട്. മുംബൈയിലെ ഒരു കമ്പനിയാണ് ഇത് നിർമിക്കുന്നത്. മേയ് 15നകം ഷൊർണൂരിലെത്തിക്കും. അങ്ങനെയെങ്കിൽ 20നകം പണി മുഴുവനായും പൂർത്തിയാക്കാനാകും. മഴക്കാലം ആരംഭിക്കാനിരിക്കുന്നതിനാൽ ഈ വർഷം ഷട്ടറുകൾ ഘടിപ്പിക്കണോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അറിയുന്നു. നിലവിൽ തടയണയുടെ വ്യഷ്ടിപ്രദേശത്ത് മൺകൂനകളും മണൽക്കൂനകളും പൊന്തക്കാടുകളുമൊക്കെയാണ്. ഇതെല്ലാം ഇളക്കിയിട്ടാൽ വർഷക്കാലത്ത് കുത്തിയൊഴുകി തടയണ പ്രദേശം വൃത്തിയാകുമെന്ന കാര്യമാണ് ഇതിന് പിൻബലം നൽകുന്നത്. തടയണ നിർമാണം പൂർത്തിയായതോടെ അടിയൊഴുക്ക് തടയപ്പെട്ടതിനാൽ ഈ ഭാഗത്തെ വെള്ളം കെട്ടി നിൽക്കാനും പരന്നൊഴുകാനും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.