ചെന്നൈ: തമിഴ്നാട്ടിൽനിന്ന് കേരളത്തിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികൾക്ക് സഹായം ലഭ്യമാക്കിയതിനും കൃഷ്ണസാമിയുടെ മരണാനന്തര നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തിയതിനും മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാടിെൻറ അഭിനന്ദനം. തമിഴക വിദ്യാർഥികൾക്ക് യാത്രാ സൗകര്യവും സുരക്ഷയും ഏർപ്പെടുത്തിയ കേരള സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേരുന്നതായി സംവിധായകനും തമിഴർ കലൈ ഇലക്കിയ പൻപാട്ട് പേരവൈ നേതാവുമായ ഭാരതിരാജ പ്രസ്താവിച്ചു. എറണാകുളത്ത് നീറ്റ് പരീക്ഷയെഴുതിയ കസ്തൂരി മഹാലിംഗത്തിെൻറ പിതാവ് കൃഷ്ണസാമി മരിച്ച സാഹചര്യത്തിൽ മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിരുന്നു. പിണറായി വിജയന് കമൽഹാസൻ പ്രത്യേകം നന്ദിപറഞ്ഞു. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും മറ്റുമായി ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിച്ചിരുന്നു. തമിഴ്നാട്ടിൽനിന്ന് അയ്യായിരത്തോളം വിദ്യാർഥികളാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയത്. ഹെൽപ് ഡെസ്ക്കുകളിൽനിന്ന് ലഭ്യമായ മൊബൈൽ നമ്പറുകളിലും സാമൂഹിക മാധ്യമങ്ങളിലുമാണ് പിണറായി വിജയനോട് നന്ദി പ്രകാശിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നത്. കേരള സർക്കാറിെൻറ മുൻകരുതൽ നടപടികളെ തമിഴ് മാധ്യമങ്ങളും പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.