അനുമോദിക്കാൻ വിളിച്ചുവരുത്തി അപമാനിച്ചത്​ അപലപനീയമെന്ന്​ ജില്ല പഞ്ചായത്ത് പ്രമേയം

മലപ്പുറം: 2017-18 സാമ്പത്തികവർഷം പദ്ധതി നിർവഹണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിലെ 68 പ്രാദേശിക സർക്കാറുകളെ അനുമോദിക്കുന്നതിന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി വെറുംകൈയോടെ മടക്കിയയച്ച തദ്ദേശസ്വയം ഭരണ വകുപ്പി​െൻറ നടപടി അപമാനകരവും അപലപനീയമാണെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം വ്യക്തമാക്കി. അധികാര വികേന്ദ്രീകരണം നടപ്പിലായതിനുശേഷമുള്ള കാൽനൂറ്റാണ്ടിനിടെ ഇത്തരമൊരു അനുഭവം ആദ്യത്തെതാണെന്ന് ജില്ല പഞ്ചായത്ത് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. പരിപാടിയുടെ സംഘാടകനായ മന്ത്രി കെ.ടി. ജലീൽ, മുഴുവനാളുകൾക്കും ഇവിടെെവച്ച് സമ്മാനം കൈമാറാൻ കഴിയില്ലെന്നും ഓരോ ജില്ലയിലെയും ഓരോ പഞ്ചായത്തുകൾക്ക് മാത്രമേ നൽകാൻ സമയമുള്ളൂവെന്നും പറഞ്ഞാണ് പ്രാദേശിക ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും അപമാനിച്ചത്. സലീം കുരുവമ്പലം അവതരിപ്പിച്ച പ്രമേയത്തെ ഒ.ടി. ജയിംസ് പിന്താങ്ങി. പ്രതിഷേധിക്കാൻ മാത്രം യാതൊന്നും സംഭവിച്ചിട്ടില്ലെന്നും രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് പ്രമേയമെന്നും സി.പി.എമ്മിലെ ടി.കെ. റഷീദലി പറഞ്ഞു. പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, അനിത കിഷോർ, കെ.പി. ഹാജറുമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.