സർക്കാർ സ്കൂളുകളുടെ മാനം കാത്ത് നിലമ്പൂരിലെ ആദിവാസി കുട്ടികൾ

നിലമ്പൂര്‍: പത്താംതരം പരീക്ഷയില്‍ തുടര്‍ച്ചയായി ആറാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ച് സർക്കാർ സ്കൂളുകളുടെ മാനം കാത്ത് നിലമ്പൂര്‍ ചന്തക്കുന്ന് വെളിയംതോടിലെ ഇന്ദിരഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ‍്യൽ സ്‌കൂള്‍. നൂറ് ശതമാനം വിജയത്തിലൂടെ മേഖലയിലെ സർക്കാർ സ്കൂളുകളുടെ മാനം കൂടി കാത്തിരിക്കുകയാണ് ഈ കാട്ടി‍​െൻറ മക്കൾ. നിലമ്പൂരിൽ നൂറ് ശതമാനം വിജയം നേടിയ ഏക സർക്കാർ സ്കൂളാണിത്. സ്കൂളിൽ പരീക്ഷയെഴുതിയ 35 കുട്ടികളും വിജയിച്ചു. 2013 മുതല്‍ തുടര്‍ച്ചായി നൂറ് ശതമാനം വിജയം നേടുന്ന മികച്ച ട്രൈബൽ സ്‌കൂളുകളില്‍ ഒന്നുകൂടിയാണ് ഐ.ജി.എം.എം.ആര്‍. സ്‌കൂള്‍. 19 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്. വനത്തിനുള്ളിലെ കോളനികളിലെ ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗം കുട്ടികളാണിവർ. 2011ലും സ്‌കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. ആദിവാസി വിദ്യാർഥികളുടെ വിജയത്തിന് പിന്നില്‍ അധ്യാപകരുടെയും ഐ.ടി.ഡി.പിയുടെയും അകമഴിഞ്ഞ പിന്തുണയും പരിശ്രമവുമുണ്ട്. ഭൂദാനം ചെമ്പ്ര കോളനിയിലെ ചാത്തന്‍-സിന്ധു ദമ്പതികളുടെ മകള്‍ റീജ, മുണ്ടക്കടവ് കോളനിയിലെ കങ്കന്‍-ചാത്തി ദമ്പതികളുടെ മകള്‍ ഇന്ദുജ എന്നിവര്‍ അഞ്ച് എ പ്ലസ് നേടി. പുഞ്ചെക്കാല്ലി കോളനിയിലെ രവീന്ദ്രന്‍-ബിന്ദു ദമ്പതികളുടെ മകന്‍ വിഷ്ണു നാല് എ പ്ലസും നേടി. ഐ.ടി പരീക്ഷയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ എ പ്ലസ് നേടിയത്. 23 കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചു. പ്രധാനാധ‍്യാപിക ആർ. സൗദാമിനിയുടെ മേൽനോട്ടത്തിൽ അധ്യാപകരുടെ നിരന്തരമായ നിരീക്ഷണത്തിലും സ്പെഷ‍ൽ ക്ലാസുകളിലൂടെയുമാണ് വിജയം കൈവരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.