കല്‍പകഞ്ചേരി: െഎ.ടി.െഎകളിൽ തൊഴില്‍ സാധ്യതയുള്ള ട്രേഡുകള്‍ അനുവദിക്കുന്നതില്‍ ജില്ലയോട് അവഗണന. മെക്കാനിക്കൽ, ഇലക്‌ട്രിക്കല്‍, കമ്പ്യൂട്ടര്‍ വിഭാഗങ്ങളില്‍ ധാരാളം തൊഴില്‍ സാധ്യതകളുള്ള വിവിധ ട്രേഡുകള്‍ മറ്റു ജില്ലകളില്‍ അനുവദിക്കുമ്പോഴും മലപ്പുറം ജില്ല കടുത്ത അവഗണനയാണ് നേരിടുന്നത്. വിദേശത്തും സ്വദേശത്തും ധാരാളം തൊഴില്‍ സാധ്യതകളുള്ളതും ആധുനികവത്കരിക്കപ്പെട്ടതുമായ മെക്കാനിക്കല്‍ വിഭാഗത്തിലെ മെഷീനിസ്റ്റ് ടര്‍ണര്‍ ട്രേഡുകള്‍ക്ക് ജില്ലയില്‍ ഒരിടത്തും പഠനസൗകര്യമില്ല. സംസ്ഥാനതലത്തില്‍ പ്രതിവര്‍ഷം 500ല്‍പരം വിദ്യാർഥികള്‍ക്ക് പരിശീലനസൗകര്യം ലഭിക്കുമ്പോള്‍ ജില്ലയില്‍നിന്ന് ഒരു വിദ്യാര്‍ഥിക്ക് പോലും ഈ ട്രേഡുകളില്‍ പരിശീലനത്തിന് അവസരം ലഭിക്കുന്നില്ല. വ്യവസായിക പരിശീലന വകുപ്പ് ജില്ല തലത്തില്‍ നടത്തിയ തൊഴില്‍ മേളയില്‍ ടര്‍ണർ, മെഷിനിസ്റ്റ് ട്രേഡുകളില്‍ നിരവധി കമ്പനികള്‍ തൊഴില്‍ വാഗ്ദാനം നല്‍കിയെങ്കിലും ഒരു ഉദ്യോഗാർഥിയെപ്പോലും ജില്ലയില്‍നിന്ന് നല്‍കാന്‍ സാധിക്കാതെ വരികയാണ് ഉണ്ടായത്. ധാരാളം പ്രവാസികളുള്ള ജില്ലയില്‍ ഇത്തരം ട്രേഡുകള്‍ ആരംഭിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളിലെ കമ്പ്യൂട്ടറൈസ്ഡ് ഓപറേറ്റര്‍ (സി.എൻ.സി ഓപറേറ്റര്‍), പ്രോഗ്രാമർ, മെക്കാനിക്ക് തുടങ്ങിയ തൊഴിലവസരങ്ങളില്‍ ജോലി നേടാനാകും. കോടികള്‍ ചെലവഴിച്ച് എല്ലാ സൗകര്യങ്ങളോടുംകൂടി ചെറിയമുണ്ടത്ത് നിർമാണപ്രവൃത്തി പുരോഗമിക്കുന്ന ചെറിയമുണ്ടം ഗവ. ഐ.ടി.ഐയില്‍ നിലവില്‍ മൂന്ന് ട്രേഡുകള്‍ മാത്രമാണുള്ളത്. തിരൂർ, താനൂര്‍ നിയോജക മണ്ഡലത്തിലെ നിവാസികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നേടുന്നതിനുള്ള ഏക സ്ഥാപനമാണ് ചെറിയമുണ്ടം ഗവ. ഐ.ടി.ഐ. ഇവിടെ പുതിയ ട്രേഡുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.