പെരിന്തൽമണ്ണ: നഗരസഭ കൗൺസിലിെൻറ മൂന്നാം വാർഷിക ദിനത്തിൽ നഗരസഭയിലെ പത്ത് വാർഡുകൾ സമ്പൂർണ ശുചിത്വ വാർഡുകളാവാൻ ഒരുങ്ങുന്നു. ഹരിത കേരള മിഷനും സംസ്ഥാന ശുചിത്വ മിഷനും ചേർന്ന് ആവിഷ്കരിച്ച 'സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട്' പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട നഗരസഭകളിലെ പത്ത് വാർഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണം സ്വന്തം ഉത്തരവാദിത്തമാണെന്ന ബോധം വളർത്തുക, മാലിന്യം കൃത്യമായി വേർതിരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക, ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യം വേർതിരിച്ച് പുനഃചംക്രമണത്തിന് നൽകുക, പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതിരിക്കുക എന്നിവയിലൂടെ ഹരിതകേരള മിഷൻ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ആറ് മാസക്കാലയളവിനുള്ളിൽ സമ്പൂർണ ശുചിത്വ വാർഡായി മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാക്കി ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാൽ സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ ഏജൻസികൾ പരിശോധന നടത്തി വാർഡുകൾക്ക് സ്റ്റാർ പദവിയും നൽകും. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നഗരസഭയെയാണ് പദ്ധതി നടപ്പാക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. നഗരസഭയിലെ നാല്, ആറ്, 11, 12, 19, 25, 27, 31, 32, 34 വാർഡുകളിൽ പദ്ധതി നടപ്പാക്കും. പ്രത്യേക ശുചിത്വ സേനയും ഇതിനായി രൂപവത്കരിച്ചു. നവംബറിൽ വൻ ജനകീയ ഉത്സവത്തോടെ സമ്പൂർണ ശുചിത്വ വാർഡ് പ്രഖ്യാപനം നടപ്പാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. കാർഷിക പരിശീലന കേന്ദ്രത്തിൽ നടന്ന ശുചിത്വ വാർഡ് കർമപദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പഞ്ഞത്ത് ആരിഫ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ നിഷി അനിൽ രാജ്, ശുചിത്വ മിഷൻ സ്റ്റേറ്റ് േപ്രാഗ്രാം ഓഫിസർ ഡോ. ഷാജി, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ അജീഷ്, േപ്രാഗ്രാം ഓഫിസർ ജ്യോതിഷ്, അസി. കോഒാഡിനേറ്റർ സി. സൈനുദ്ദീൻ, ക്ലീൻ കേരള കമ്പനി അസി. മാനേജർ കെ. മുജീബ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞി മുഹമ്മദ് സ്വാഗതവും ജെ.എച്ച്.ഐ ദീപേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.