ആറടിയിൽ ട്രോഫി റെഡി; മൂർക്കനാട്ട് ഇന്ന് തീപാറും വടംവലി

കൊളത്തൂർ: ചകിരിനാരിൽ കടഞ്ഞെടുത്ത ഭീമൻ കയറിൽ സംഘശക്തിയും പരിശീലന മികവും സംഗമിക്കുന്ന ആവേശപ്പോരാട്ടത്തിന് ചൊവ്വാഴ്ച മൂർക്കനാട് വേദിയാകും. നൂറടി നീളമുള്ള കോർട്ടിൽ എതിരാളികളെ മലർത്തിയടിച്ച് മുന്നേറുന്നവരെ കാത്തിരിക്കുന്നത് വടംവലി ചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫി. ആറടി പൊക്കമുള്ള ട്രോഫിക്കായി കേരളത്തി​െൻറ നാനാഭാഗങ്ങളിൽനിന്നുള്ള മല്ലന്മാർ ചൊവ്വാഴ്ച ഗോദയിലിറങ്ങും. ആവേശം അലതല്ലുന്ന പോരാട്ടം കാണാൻ നാട്ടുകാർ ഒരുങ്ങിക്കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണത്തിനായി മൂർക്കനാട് വിന്നേഴ്സ് ക്ലബാണ് ജില്ല വടംവലി അസോസിയേഷ​െൻറ സഹകരണത്തോടെ അഖിലകേരള വടംവലി മത്സരം നടത്തുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഭീമൻ ട്രോഫിക്ക് പുറമെ 7,000 രൂപ പ്രൈസ് മണി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 5,000 രൂപ പ്രൈസ് മണിയും മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും 3,000 രൂപ പ്രൈസ് മണിയും ലഭിക്കും. ആദ്യ 16 സ്ഥാനക്കാർക്കും പ്രത്യേക സമ്മാനമുണ്ട്. മൂർക്കനാട് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് മത്സരം തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.