കട്ടിലുകൾ ഇറക്കാൻ സി.ഐ.ടി.യു അധിക കൂലി ആവശ്യപ്പെട്ടെന്ന് പരാതി

പാലക്കാട്: സാമൂഹിക ക്ഷേമപദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ എത്തിച്ച കട്ടിലുകള്‍ ലോറിയിൽനിന്ന് ഇറക്കാന്‍ സി.ഐ.ടി.യു തൊഴിലാളികള്‍ അധിക കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം. പെരുവെമ്പ് പഞ്ചായത്ത് ദലിത് വിഭാഗത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനായി എത്തിച്ച കട്ടിലുകള്‍ക്കാണ് തൊഴിലാളികള്‍ അധികകൂലി ആവശ്യപ്പെട്ടത്. തൊഴില്‍ വകുപ്പി​െൻറ കണക്കുപ്രകാരം ഒരു കട്ടിലിന് 25 രൂപ നല്‍കിയാല്‍ മതിയെന്നിരിക്കെ തൊഴിലാളികള്‍ 50 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അത്രയും തുക നൽകാനാവില്ലെന്നും 1500 രൂപ നല്‍കാമെന്ന ആവശ്യം തൊഴിലാളികൾ അംഗീകരിച്ചില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവർ ആരോപിച്ചു. ആവശ്യപ്പെട്ട പണം നല്‍കാന്‍ ബാങ്ക് അധികൃതരും കരാറുകാരനും തയാറാകാതിരുന്നതോടെ 110 കട്ടിലുകളുമായി വന്ന ലോറി പെരുവെമ്പില്‍ പിടിച്ചിട്ടു. തങ്ങള്‍ക്കുള്ള കൂലി കിട്ടാതെ കട്ടിലിറക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. ഉച്ചയോടെ എത്തിയ ലോറി മണിക്കൂറുകളോളമാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പിടിച്ചിട്ടത്. ലേബര്‍ ഓഫിസ് അധികൃതര്‍ ഇടപെട്ടാണ് ലോഡ് ഇറക്കിയത്. എന്നാൽ പ്രശ്നം ഊതിവീർപ്പിച്ചതാണെന്നും കൂലിത്തർക്കം മാത്രമാണെന്നും സി.ഐ.ടി.യു ജില്ല നേതൃത്വം വിശദീകരിച്ചു. സംഭവം ഇരുവിഭാഗത്തിനും തൃപ്തമായ രീതിയിൽ പരിഹരിച്ചെന്നും സി.ഐ.ടി.യു വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.