പോസ്​റ്റ്മോർട്ടം വിവാദം: തർക്കത്തിൽ ഒത്തുതീർപ്പ്

തിരൂർ: ജില്ല ആശുപത്രിയിലെ പോസ്മോർട്ട വിവാദത്തിൽ ഒത്തുതീർപ്പ്. വെള്ളിയാഴ്ച ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാൻ ഡോക്ടർമാരും പൊലീസും ധാരണയിലെത്തി. സംഭവവുമായി ബന്ധപ്പെട്ട പരാതികളും നടപടികളും ഇരുവിഭാഗവും അവസാനിപ്പിക്കും. വിവാദസംഭവങ്ങളിൽ ഇരുവിഭാഗവും ഖേദം പ്രകടിപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ സുതാര്യമാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് ഡി.എം.ഒ ഡോ. സക്കീന വ്യക്തമാക്കി. ഡോക്ടർമാരുടെ അധികാരത്തിൽ പൊലീസ് കൈ കടത്തരുതെന്ന് അവർ ആവശ്യപ്പെട്ടു. തിരൂർ തഹസിൽദാറുടെ ചേംബറിൽ വൈകീട്ട് ആറോടെ തുടങ്ങിയ യോഗം എട്ടുവരെ നീണ്ടു. തിരൂർ ആർ.ഡി.ഒയുടെ ചുമതല വഹിക്കുന്ന പെരിന്തൽമണ്ണ ആർ.ഡി.ഒ അജീഷ് കുന്നത്തി​െൻറ അധ്യക്ഷതയിലായിരുന്നു യോഗം. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മയിൽ, ജില്ല ആശുപത്രി സൂപ്രണ്ടി​െൻറ പ്രതിനിധിയായി ഡോ. ഉസ്മാൻകുട്ടി, കെ.ജി.എം.ഒ.എ ജില്ല സെക്രട്ടറി ഫിറോസ്, വൈസ് പ്രസിഡൻറ് ഡോ. ഹരിദാസൻ, ട്രഷറർ ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ഹാനി ഹസൻ, ഡോ. ഇ.പി. സുരേഷ്, ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കർ, തഹസിൽദാർ വർഗീസ് മംഗലം എന്നിവർ പങ്കെടുത്തു. ഡോക്ടർമാർ പണിമുടക്കി തിരൂർ: വ്യാഴാഴ്ചയുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ച് തിരൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ പണിമുടക്കി. രാവിലെ ഒരു മണിക്കൂർ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗം പ്രവർത്തനം മുടങ്ങിയില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഡോക്ടറുടെ വിവേചനാധികാരത്തിൽ ഇടപെട്ട എസ്.ഐക്കെതിരെ നടപടി വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. മുമ്പും ഇതേ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ബഹളമുണ്ടാക്കിയതായും നടപടി നേരിട്ടതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇതിലുള്ള വൈരാഗ്യം മൂലമാണ് വ്യാഴാഴ്ച മരിച്ചയാളുടെ ബന്ധുക്കളെ ആശുപത്രിക്കെതിരെ തിരിച്ചുവിട്ട് വിവാദമുണ്ടാക്കിയതെന്ന് ഡോക്ടർമാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.