പ്രതിഷേധ വേലിയേറ്റത്തിൽ നഗരസഭയിൽ ബജറ്റ് അവതരണം

പാലക്കാട്: ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണസമിതി കഴിഞ്ഞ മൂന്ന് വർഷമായി ജനത്തെ കബളിപ്പിക്കുകയാണെന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെ പാലക്കാട് നഗരസഭ ബജറ്റ് അവതരണം ബഹളത്തിൽ മുങ്ങി. ബജറ്റ് കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും യു.ഡി.എഫ് അംഗങ്ങൾ ബജറ്റ് അവതരണം തടസ്സപ്പെടുത്തി. മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കത്തതിനാൽ വൈസ് ചെയർമാൻ സി. കൃഷ്ണകുമാറിന് ബജറ്റ് അവതരിപ്പിക്കാൻ ധാർമിക യോഗ്യതയില്ലെന്നും യു.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് കെ. ഭവദാസാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ ബജറ്റ് അവതരിപ്പിക്കാൻ വൈസ് ചെയർമാനെ ചെയർപേഴ്സൻ പ്രമീള ശശിധരൻ ക്ഷണിച്ചതോടെ യു.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി ചെയര്‍പേഴ്‌സ‍​െൻറ ചേംബറിനെടുത്തെത്തി. ബജറ്റ് വായനക്കിടെ മൈക്കില്‍ മുദ്രാവാക്യം വിളി തുടര്‍ന്നപ്പോൾ പ്രതിപക്ഷത്തിനെതിരെ ബി.ജെ.പി അംഗങ്ങളും ചേംബറിനടുത്തെത്തി. പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളിയും ബജറ്റ് നിര്‍ദേശങ്ങളെ പിന്തുണച്ച് ഭരണപക്ഷ അംഗങ്ങളുടെ കൈയടിയും ചേര്‍ന്നതോടെ ബജറ്റ് അവതരണം പൂർണമായും ബഹളത്തിൽ മുങ്ങി. പ്രതിഷേധവും കൈയടിയും പൊടി പാറിയപ്പോളും എൽ.ഡി.എഫ് അംഗങ്ങൾ ഇരിപ്പടത്തിൽനിന്ന് എഴുന്നേൽക്കാതെ മിണ്ടാതിരുന്നതും ശ്രദ്ധേയമായി. അവതരണം അവസാനിച്ചതോടെ ബജറ്റ് കീറിയെറിഞ്ഞ് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന്, ചർച്ചയിൽ യു.ഡി.എഫ് അംഗങ്ങളുടേത് കാമറ കാണുമ്പോൾ മാത്രമുള്ള പ്രതിഷേധമാണെന്നും ഇതിന് ആത്മാർത്ഥത ഇല്ലെന്നും സി.പി.എം അംഗങ്ങൾ കുറ്റപ്പെടുത്തി. പി.എം.എ.വൈ പദ്ധതിയെക്കുറിച്ച് മാത്രം ബജറ്റില്‍ പരാമര്‍ശിച്ചതിനെ സി.പി.എം അംഗങ്ങൾ വിമർശിച്ചു. എല്ലാവർക്കും വീടെന്നത് പ്രധാനമന്ത്രിയുടെ മാത്രം സ്വപ്നമല്ല, സംസ്ഥാന സര്‍ക്കാറും ലൈഫ് പദ്ധതിയിലൂടെ ഇത് വിഭാവനം ചെയ്യുന്നുണ്ടെന്ന് സി.പി.എം കൗൺസിലർ അബ്ദുല്‍ ഷുക്കൂര്‍ ചർച്ചയിൽ പങ്കെടുത്ത് ചൂണ്ടിക്കാട്ടി. നഗര ബജറ്റ്; ആവർത്തന പദ്ധതികൾ ഏറെ പാലക്കാട്: കാലങ്ങളായി പ്രഖ്യാപനത്തിൽ ഒതുങ്ങുന്ന പദ്ധതികൾ പതിവ് തെറ്റിക്കാതെ ഇക്കുറിയും ഉൾപ്പെടുത്തി അവതരിപ്പിച്ച പാലക്കാട് നഗരസഭ ബജറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും പദ്ധതി പൂർത്തീകരണ പ്രവർത്തനങ്ങൾക്കും ഊന്നൽ. ഇന്ദിര ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം പുനർനിർമാണം, സ്റ്റേഡിയം ബസ് സ്റ്റാൻഡ് ടെർമിനൽ തുടങ്ങിയ പദ്ധതികളാണ് ഇത്തവണയും ഇടം നേടിയ പ്രധാന പദ്ധതികൾ. 266,39, 99,023 കോടി വരവും 235,03,72, 335 കോടി ചെലവും 31,36,26,688 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ വ്യാഴാഴ്ച അവതരിപ്പിച്ചത്. പ്രധാന പ്രഖ്യാപനങ്ങളും നീക്കിവെച്ച തുകയും *ഇന്ദിര ഗാന്ധി സ്‌റ്റേഡിയം പുനര്‍നിര്‍മാണം -10 കോടി *സ്റ്റേഡിയം ബസ് ‍സ്റ്റാൻഡിൻറ രണ്ടാംഘട്ട വികസനം -3.18 കോടി *ടൗൺ ഹാൾ അനക്സ് നവീകരണം -നാല് കോടി * ഒലവക്കോട് കംഫർട്ട് സ്റ്റേഷൻ നിർമാണം -3.52 കോടി * സ്റ്റേഡിയം ബൈപാസ് റോഡിലെ ജൈവ വിപണ കേന്ദ്രം -അഞ്ച് കോടി *ചിക്കൻ വേസ്റ്റ് പ്ലാൻറ് -രണ്ട് കോടി *പ്രധാന പൈപ്പ് ലൈന്‍ മാറ്റത്തിനും വാട്ടര്‍ ട്രീറ്റ്‌മെ‍ൻറ് പ്ലാൻറ് നിര്‍മാണത്തിന് -29.75 കോടി *43, 44, 45, 47,48,49,50,51 വാര്‍ഡുകളില്‍ മാസ്റ്റര്‍ ഡ്രൈനേജ് സംവിധാനത്തിന് -26.5 കോടി *പ്രധാന അഴുക്കുചാലുകളുടെ പുനര്‍നിര്‍മാണം -10 കോടി * ഐ.എം.എ ജങ്ഷന്‍ മുതല്‍ സ്‌റ്റേഡിയം ബസ് സ്റ്റാൻഡ് വരെ നടപ്പാത കെട്ടാന്‍- 83 ലക്ഷം * നഗരത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാൻ -ഒരു കോടി * ഒരുവാര്‍ഡിന് 20 ലക്ഷം രൂപ വെച്ച് 52 വാര്‍ഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10.40 കോടിയും നീക്കിെവച്ചു * നഗരത്തിലെ വിവിധ റോഡുകളിൽ എൽ.ഇ.ടി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ -1.3 കോടി * കോട്ടമൈതാനത്തിന് ചുറ്റും എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ -25 ലക്ഷം * മേലാമുറി -കൽമണ്ഡപം ഫൂട്ട്പാത്ത് നിർമാണം -3.27 കോടി *ബി.ഇ.എം സ്കൂൾ -ശകുന്തള ജങ്ഷൻ ഫൂട്ട്പാത്ത് -ഒരു കോടി *എസ്.ബി.ഐ ജങ്ഷൻ മുതൽ ബി.ഇ.എം ജങ്ഷൻ ഫുട്ട്പാത്ത് -38 ലക്ഷം *കൽപ്പാത്തി പുഴയോരത്ത് നടപ്പാത -1.65 കോടി *ഐ.എം.എ ജങ്ഷൻ-സ്റ്റേഡിയം ബസ് സ്റ്റാൻഡ് വരെ നടപ്പാത -83 ലക്ഷം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.