ഒലിവറ്റി ഒലിപ്പുഴ; സംരക്ഷിക്കാൻ ആരുമില്ല

തുവ്വൂർ: സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ ഒലിപ്പുഴയുടെ നിലനിൽപ് തന്നെ ഭീഷണിയാകുന്നു. കൽകുണ്ട് മലവാരത്തിൽനിന്ന് ഉറവയെടുക്കുന്ന ഒലിപ്പുഴ നിരവധി പഞ്ചായത്തുകളിലൂടെ ഒഴുകി കടലുണ്ടി പുഴയിലാണ് സംഗമിക്കുന്നത്. ഏതുകാലത്തും ഒഴുക്കുണ്ടായിരുന്നതിനാലാണ് ഒലിപ്പുഴയെന്ന പേര് ലഭിച്ചത്. ഇപ്പോൾ പുഴ ദിനംപ്രതിയെന്നോളം നശിച്ചു കൊണ്ടിരിക്കുകയാണ്. അനധികൃത കൈയേറ്റവും മണലെടുപ്പുമാണ് ഇരുപത് വർഷത്തിനകം പകുതിയായി ചുരുക്കിയത്. 40 മുതൽ 45 മീറ്റർ വരെ വീതിയുണ്ടായിരുന്ന ഒലിപ്പുഴ പലഭാഗത്തും പത്ത് മീറ്റർ പോലും തികയില്ല. വേനൽ ആരംഭിക്കുമ്പോഴേക്കും ഒലിപ്പുഴയിൽ വെള്ളം നിലക്കുന്ന സ്ഥിതിയാണ്. കരുവാരകുണ്ട്, തുവ്വൂർ, എടപ്പറ്റ, മേലാറ്റൂർ, പാണ്ടിക്കാട്, കീഴാറ്റൂർ, ആനക്കയം പഞ്ചായത്തുകളിലൂടെയാണ് ഒലിപ്പുഴ ഒഴുകുന്നത്. ഈ പഞ്ചായത്തുകളിലെയെല്ലാം കുടിവെള്ള പദ്ധതികളും ഭൂരിഭാഗവും ഒലിപ്പുഴയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ആളുകൾക്കാണ് ഒലിപ്പുഴ ആശ്രയമാകുന്നത്. ഒലിപ്പുഴ കടന്നുപോകുന്ന ഗ്രാമപഞ്ചായത്തുകൾ സഹകരിച്ച് ഒരു മാസ്റ്റർ പ്ലാൻ തയാറാക്കി പദ്ധതി നടപ്പാക്കിയാൽ മേഖലയിലുള്ളവരുടെ ജലക്ഷാമം പരിഹരിക്കാനാവും. ഒലിപ്പുഴ കൈയേറ്റം ഒഴിപ്പിച്ച് സുരക്ഷഭിത്തി നിർമിക്കുക, പുഴയിലേക്കുള്ള നീർചാലുകൾ പുനരുജീവിപ്പിക്കുക, മണൽവാരൽ നിയന്ത്രണ വിധേയമാക്കുക, പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ പുഴയിൽ എത്താതിരക്കാൻ സുരക്ഷഭിത്തികൾ സ്ഥാപിക്കുക, ജലമൂറ്റൽ നിരോധിക്കുക, മാരകവിഷം കലർത്തിയുള്ള മീൻപിടിത്തം നിരോധിക്കുക എന്നിവ നടപ്പാക്കിയാൽ ഒലിപ്പുഴയെ വീണ്ടും തിരിച്ചുകിട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.