കരിങ്കല്ലത്താണി: ആലിപ്പറമ്പ് ഏടായിക്കലിൽ റബർ അടക്കം 20 ഏക്കർ തോട്ടം കത്തി നശിച്ചു. സി.കെ. നൂറുദ്ദീൻ, സി.കെ. മുഹമ്മദലി, ഒറ്റത്ത് ഉമ്മർ, കോടങ്ങാടൻ രായിൻ ഹാജി, അബു മുസ്ലിയാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള റബർ, കശുമാവ് അടക്കമുള്ള തോട്ടമാണ് കത്തി നശിച്ചത്. മണ്ണാർക്കാട് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. തീക്കൊപ്പം കാറ്റും ആഞ്ഞുവീശിയത് തീയണക്കാൻ പ്രയാസം സൃഷ്ടിച്ചു. തീ പടർന്ന സ്ഥലത്തേക്ക് റോഡ് ഇല്ലാത്തതിനാൽ മരച്ചില്ലകൾ കൊണ്ടടിച്ചും ഫയർ ലൈൻ ഇട്ടുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലക്കാട്-മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന കരിങ്കല്ലത്താണി-തൊടൂകാപ്പ് ഇക്കോ ടൂറിസം വനമേഖലയും കാട്ടുതീ ഭീഷണിയിലാണ്. എല്ലാ വർഷവും പലതവണകളിലായി ഇവിടെ തീപ്പിടിത്തം ഉണ്ടാവാറുണ്ട്. ടൂറിസം വനമേഖലയുടെ മുകൾ ഭാഗത്തേക്ക് ഫയർ എൻജിന് എത്താനുള്ള റോഡ് സൗകര്യം ഇല്ലാത്തതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അഗ്നിശമനസേനയും ഏറെ പണിപ്പെട്ടാണ് തീയണക്കുന്നത്. ഈ വേനൽ തുടക്കത്തിലും ഇവിടെ തീപ്പിടിത്തമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.