എ.ഐ.സി.സി പുനഃസംഘടന: ജില്ലയിലെ കോൺഗ്രസിൽ അമർഷം

മലപ്പുറം: കെ.പി.സി.സി ഹൈകമാൻഡിന് സമർപ്പിച്ച എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയിൽ ജില്ലയിൽ നിന്നുൾപ്പെട്ട പ്രതിനിധികളെ ചൊല്ലി ജില്ലയിലെ കോൺഗ്രസിൽ അമർഷം പുകയുന്നു. രണ്ടുപേർ 'എ' ഗ്രൂപ്പിൽനിന്നും രണ്ടുപേർ 'ഐ' ഗ്രൂപ്പിൽനിന്നുമായി നാല് അംഗങ്ങളാണ് എ.ഐ.സി.സിയിലേക്ക് ജില്ലയിൽനിന്ന് ശിപാർശ ചെയ്യപ്പെട്ടത്. എ ഗ്രൂപ്പുകാരായ മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, ഡോ. എം. ഹരിപ്രിയ എന്നിവരും ഐ ഗ്രൂപ്പുകാരായ എ.പി. അനിൽകുമാർ എം.എൽ.എ, അഡ്വ. ഫാത്തിമ റോഷ്ന എന്നിവരുമാണ് പട്ടികയിലുള്ളത്. ഇതിൽ ആര്യാടൻ മുഹമ്മദും എ.പി. അനിൽകുമാറും വർഷങ്ങളായി എ.ഐ.സി.സി അംഗങ്ങളാണ്. ഹരിപ്രിയയും ഫാത്തിമ റോഷ്നയും പുതുമുഖങ്ങളും. ഏതൊരു പുനഃസംഘടന വന്നാലും അതിലെല്ലാം ചിലർ കയറിക്കൂടുന്നെന്നും യോഗ്യരായവരെ തഴയുകയാണെന്നും കുറ്റപ്പെടുത്തി കെ.എസ്.യു മുൻ ജില്ല വൈസ് പ്രസിഡൻറ് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഡോ. എം. ഹരിപ്രിയ മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ പ്രധാന സ്ഥാനങ്ങൾ വഹിക്കവെയാണ് എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുള്ളത്. അഡ്വ. ഫാത്തിമ റോഷ്നയാവട്ടെ മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്, വഖഫ് ബോർഡ് മെംബർ എന്നീ സ്ഥാനങ്ങളും കൈകാര്യം ചെയ്യുന്നു. എ.ഐ.സി.സി അംഗങ്ങളായിരുന്ന മുതിർന്ന നേതാക്കൾ ഇത്തവണ കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ പോലും ഉൾപ്പെട്ടിട്ടുമില്ല. മംഗലം ഗോപിനാഥ്, മുൻ എം.പി സി. ഹരിദാസ്, മുൻ ഡി.സി.സി പ്രസിഡൻറ് യു.കെ. ഭാസി, മുൻ എം.എൽ.എ പി.ടി. മോഹനകൃഷ്ണൻ എന്നിവർ കെ.പി.സി.സി, എ.ഐ.സി.സി മെംബർമാരുടെ പട്ടികയിൽനിന്ന് തഴയപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.