തേനിക്ക്​ സമീപം വിദ്യാർഥിസംഘം കാട്ടുതീയിൽ കുടുങ്ങി

കുമളി/മൂന്നാര്‍: അതിർത്തിയിലെ കൊളുക്കുമല സന്ദര്‍ശിച്ച് മടങ്ങിയ തമിഴ്നാട് കോളജ് വിദ്യാര്‍ഥികളടങ്ങുന്ന ട്രക്കിങ് സംഘം കാട്ടുതീയില്‍ അകപ്പെട്ടു. അഞ്ചുപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എന്നാൽ തേനി താലൂക്ക് ഒാഫിസർ ഒരുമരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പത്തുപേർക്ക് ഗുരുതര പൊള്ളലേറ്റതായാണ് വിവരം. അതിനിടെ പതിനഞ്ചോളം കുട്ടികളെ രക്ഷപ്പെടുത്തിയതായി തേനി കലക്ടർ അറിയിച്ചു. പരിക്കേറ്റവരെയും തീയിൽനിന്ന് രക്ഷപ്പെടുത്തിയവരെയും തേനി മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച കോയമ്പത്തൂർ ഇൗറോഡിൽനിന്ന് പുറപ്പെട്ട വിദ്യാർഥിനികൾ ഞായറാഴ്ച ഉച്ചക്കുശേഷം കൊളുക്കുമലയില്‍നിന്ന് കൊരങ്ങിണിവഴി തമിഴ്‌നാട്ടിലേക്ക് കടക്കവെയാണ് കാട്ടുതീയില്‍ അകപ്പെട്ടത്. കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂർ, സേലം കോളജുകളില്‍ പഠിക്കുന്ന 40 പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാടുവഴി നടന്ന് കൊളുക്കുമലയിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെ കൊരങ്ങിണി വനമേഖലയിൽ പെെട്ടന്നുണ്ടായ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു. തീപടര്‍ന്നതോടെ വിദ്യാർഥികള്‍ ചിതറിയോടി. നിരവധി പേർക്ക് വീണുപരിക്കേറ്റു. രാത്രി വൈകിയും 25ഒാളം പേർ കുടുങ്ങിക്കിടക്കുന്നതായ വിവരത്തെ തുടർന്ന് തേനി കലക്ടറും പൊലീസും വൈകി സംഭവസ്ഥലത്തെത്തി. എന്നാൽ, ഇരുട്ടും പുകയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല. കേന്ദ്ര ഇടപെടലിനെ തുടർന്ന് വ്യോമസേനഹെലികോപ്ടർ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇറങ്ങാനായില്ല. ഗുരുതര പൊള്ളലേറ്റ പലരും രാത്രി വൈകിയും കാട്ടിലുണ്ട്. തമിഴ്നാട് സർക്കാറി​െൻറ അഭ്യർഥനയെ തുടർന്ന് കോയമ്പത്തൂരിൽനിന്ന് നാവികസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം, തേനി കലക്ടർ എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. തീയണക്കാന്‍ എയര്‍ഫോഴ്‌സും രംഗത്തുണ്ട്. ചോലവനമായതിനാല്‍ രാത്രിയിലുള്ള തിരച്ചില്‍ സാഹസമാണ്. ചെന്നൈ ട്രക്കിങ് ക്ലബ് നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ കോളജുകളിൽനിന്നെത്തിയ 40ലേറെ പേരാണ് കാട്ടിനുള്ളിൽ കുടുങ്ങിയത്. ചെന്നൈ സ്വദേശികളായ ദിവ്യ, മോനിഷ, രേണു, ഭഗവതി, ശിവശങ്കരി, വിജയലക്ഷ്മി, എൽകിയ ചന്ദ്രൻ, ഷഹാന, ശ്വേത, അഖില, ജയശ്രീ, ലേഖ, നിവ്യപ്രകൃതി, നിവേദ, ശാരദ ശ്രീരാമൻ, വിബിൻ, നിഷ, ദിവ്യ, അരുൺ, അനുവിദ്യ, ഹേമലത, പുനിത, സായി വസുമതി, ശുഭ, ദേവി, പൂജ, മീന ജോർജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ട്രക്കിങ്ങിന് പോയത്. ഇവരിൽ മിക്കവരും സുരക്ഷിതരാണെന്ന് അധികൃതർ പറയുന്നു. തീ വസ്ത്രങ്ങളിലേക്ക് ആളിപ്പടർന്നാണ് പലർക്കും പൊള്ളലേറ്റത്. ഇവരെ കാട്ടിനുള്ളിലെ പാറക്കെട്ടുകൾക്ക് സമീപത്തേക്ക് മാറ്റി. ഇരുട്ടും വാർത്തവിനിമയ സൗകര്യങ്ങളില്ലാത്തതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. കാട്ടിൽനിന്ന് പുറത്തെത്തിച്ച തിരുപ്പൂർ, ഈറോഡ്, ചെന്നൈ സ്വദേശികളായ രാജശേഖർ (29) ഭാവന (12), സ്നേഹ, സാദന (11) മോനിഷ (30), പൂജ (27) സാദന (20) എന്നിവരെ തേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.