മലപ്പുറം: തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിൽദിനങ്ങൾ കുറയുന്നു. ജില്ലയിൽ ഇതുവരെ ലഭിച്ച തൊഴിൽ ദിനങ്ങളുടെ എണ്ണം 34 ആണ്. ജില്ലയിൽ രജിസ്റ്റർ ചെയ്ത 4.77 ലക്ഷം തൊഴിലാളികളുണ്ട്. ഇതിൽ ആക്ടീവ് വർക്കർമാർ 1.66 ലക്ഷവും. എന്നാൽ, 2017-18ൽ ജോലി ലഭിച്ചവർ 74,000 പേർ മാത്രമാണ്. ഇതുവരെ ജില്ലയിൽ 39.4 കോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ട്. ജില്ലയിൽ 2016-17 സാമ്പത്തിക വർഷം 157.77 കോടിയുടെ ജോലികൾ നടന്നിരുന്നു. ദേശീയ തൊഴിലുറപ്പ് മാതൃകയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ജില്ലയിൽ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ആരോപിച്ചു. മഞ്ചേരി നഗരസഭയിൽ 5355 തൊഴിലാളികൾ 2011ൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. െഎ.ഡി കാർഡ് പോലും നൽകിയിട്ടില്ലെന്നും സർക്കാർ നൽകിയ 20 ലക്ഷം ആളില്ലെന്ന് പറഞ്ഞ് തിരിച്ചടച്ചതായും സംഘടന കുറ്റപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചെയ്യാനാകുന്ന പദ്ധതികൾ ഉൾപ്പെടുത്തിയ ലേബർ ബജറ്റും പദ്ധതികളും ജില്ലയിലെ ചില പഞ്ചായത്തുകൾ മുൻകൂട്ടി തയാറാക്കി അംഗീകാരം വാങ്ങിയിട്ടില്ല. 2018-19 വർഷത്തേക്ക് നൽകിയ ലേബർ ബജറ്റിൽ വർഷത്തിൽ 70 ജോലിക്കുള്ള പദ്ധതികളേ ഉള്ളൂ. ഇൗ വിഷയത്തിൽ ഭരണസമിതികളും ഉദ്യോഗസ്ഥരും ജാഗ്രത കാണിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രനയങ്ങൾ തിരുത്തുക, കൂലി 600 രൂപയാക്കുക, എല്ലാ കാർഷികവൃത്തിയും ക്ഷീര കർഷകർ, പരമ്പരാഗത തൊഴിലുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 14ന് രാജ്ഭവനിലേക്കും ജില്ല കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും. മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്കുള്ള മാർച്ച് സി.പി.എം ജില്ല സെക്രട്ടറി ഇ.എം. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി അസൈൻ കാരാട്ട്, കെ. മജ്നു, സി. ശശികുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.