മലപ്പുറം എൽ.പി.എസ്.എ ഇൻറർവ്യൂ വീണ്ടും മാറ്റി; ഉദ്യോഗാർഥികൾ ദുരിതത്തിൽ

മഞ്ചേരി: തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച മലപ്പുറം ജില്ല എൽ.പി.എസ്.എ ഇൻറർവ്യൂ വീണ്ടും മാറ്റി. പുതിയ ഷെഡ്യൂൾ പ്രകാരം ജൂൺ 20 മുതലാണ് അഭിമുഖം നടക്കുകയെന്ന് ജില്ല പി.എസ്.സി ഒാഫിസിൽ വിവരം ലഭിച്ചു. നിപ പനി ഭീഷണി കാരണം ജൂൺ ആറു മുതൽ 13 വരെ നടക്കേണ്ട ഇൻറർവ്യൂ മാത്രം ജൂലൈയിലേക്ക് മാറ്റിയിരുന്നു. പുതിയ തീരുമാനപ്രകാരം ജൂൺ ആറു മുതലുള്ള മുഴുവൻ ഷെഡ്യൂളും ജൂൺ 20 മുതലാക്കി. ഇതോടെ നേരത്തെ യാത്രാസംവിധാനമുറപ്പിച്ച് കാത്തിരുന്നവർ വെട്ടിലായി. ജില്ലതലത്തിൽ തയാറാക്കുന്ന പി.എസ്.സി പട്ടികയിൽനിന്ന് ആദ്യമായാണ് തലസ്ഥാനത്ത് അഭിമുഖം നടത്തുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളുടെ അഭിമുഖമാണ് ഇത്തരത്തിൽ നടത്തുന്നത്. മറ്റു ജില്ലകളുടേത് അതത് ജില്ലകളിലോ പരിസരങ്ങളിലോ ആണ്. മലപ്പുറത്ത് 3,400ഒാളം ഉദ്യോഗാർഥികളാണ് മെയിൻ, സപ്ലിമ​െൻററി ലിസ്റ്റുകളിലായുള്ളത്. ഇതിൽ മുക്കാൽ ഭാഗവും സ്ത്രീകളാണ്. ട്രെയിൻ ടിക്കറ്റും തലസ്ഥാനത്ത് താമസസൗകര്യവും ഉറപ്പാക്കിയവരാണ് നിപ ഭീഷണിയിലും അധികൃതരുടെ നടപടിയിലും പെട്ട് ദുരിതത്തിലായത്. തുടക്കം മുതൽതന്നെ ഇൻറർവ്യൂ മലപ്പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപക പരാതി ഉയർന്നിരുന്നു. എന്നാൽ, ഇൻറർവ്യൂ പെട്ടെന്ന് തീർത്ത് നിയമനം വേഗത്തിലാക്കാനാണെന്ന് വിശദീകരിച്ച് എതിർപ്പ് തണുപ്പിക്കാനാണ് അധികൃതർ ശ്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.