തിരൂർ പോസ്​റ്റ്​ ഓഫിസിലെ കവർച്ച: പ്രതിയെ തിരിച്ചറിഞ്ഞു

തിരൂർ: സഹായം തേടിയെത്തി പോസ്റ്റ് ഓഫിസിൽനിന്ന് നാല് ലക്ഷം രൂപയുമായി രക്ഷപ്പെട്ടയാളെ പോസ്റ്റ് ഓഫിസ് അധികൃതരും പൊലീസും തിരിച്ചറിഞ്ഞു. സമാനരീതിയിൽ കവർച്ച നടത്തിവരുന്നയാളുടെ ഫോട്ടോ എസ്.ഐ സുമേഷ് സുധാകർ കാണിച്ചതാണ് വഴിത്തിരിവായത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ ഇതുപോലെ കവർച്ച നടത്തിയിട്ടുണ്ട്. കോട്ടക്കൽ, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുമുണ്ട്. പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സി.സി.ടി.വിയിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രാഥമിക അന്വേഷണം. കവർച്ചക്കായി പോസ്റ്റ് ഓഫിസിലേക്ക് വരുന്നതും അൽപസമയത്തിനകം ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. എന്നാൽ, ആളുടെ മുഖം വ്യക്തമായിരുന്നില്ല. തുടക്കത്തിൽ കവർച്ചക്ക് ജീവനക്കാരുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിച്ചിരുന്നു. കൃത്യമായ വിവരം ലഭിച്ച അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്ത കവർച്ചയാണെന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. പണം മേശപ്പുറത്ത് നിന്ന് എളുപ്പത്തിൽ എടുത്തതും രക്ഷപ്പെട്ടതുമാണ് സംശയത്തിന് ഇടയാക്കിയത്. ജീവനക്കാരുടെ മൊഴികളിലെ ചില പൊരുത്തക്കേടുകൾ സംശയം വർധിപ്പിച്ചു. മറ്റ് ചില സാഹചര്യങ്ങളും ദുരൂഹതയുണർത്തി. അതോടെ ജീവനക്കാരുടെ ഫോൺ നമ്പറുകളുൾെപ്പടെ ശേഖരിച്ചിരുന്നു. പണം ലഭിക്കേണ്ടിയിരുന്ന തിരൂർ കൈപ്പാടത്ത് വാഹിദാണ് സംഭവത്തോടെ വെട്ടിലായത്. പണം കൈപ്പറ്റുന്നതിന് പോസ്റ്റ് ഓഫിസിലേക്ക് എത്താനിരിക്കെയാണ് വിവരം അറിഞ്ഞത്. രാവിലെ ആർ.ഡി ഏജൻറ് രമ ശശിധരനൊപ്പം പോസ്റ്റ് ഓഫിസിലെത്തി ആർ.ഡി റദ്ദാക്കുകയും പണം കൈപ്പറ്റിയെന്നതുൾെപ്പടെയുള്ള രേഖകളിൽ ഒപ്പ് വെക്കുകയും ചെയ്തിരുന്നു. തുടർന്ന് പണത്തിനായി പിന്നീട് എത്താൻ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരുവരും മടങ്ങിയത്. വാഹിദ് അൽപസമയത്തിനകം എത്തുമെന്ന ധാരണയിൽ പോസ്റ്റ് മാസ്റ്റർ ഭാർഗവി മുറിയിലെ മേശപ്പുറത്ത് രണ്ട് ട്രേകൾക്കിടയിലായി പണം വെക്കുകയായിരുന്നു. മുകൾ ഭാഗത്തുണ്ടായിരുന്ന കെട്ടുകളാണ് നഷ്ടമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.