പാലക്കാട് കോച്ച് ഫാക്ടറി: തെളിയുന്നത് കേരളത്തോടുള്ള ചിറ്റമ്മ നയം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി തൊടുന്യായങ്ങൾ പറഞ്ഞ് കേന്ദ്രസർക്കാർ ഉപേക്ഷിച്ചതിന് പിന്നിൽ കേരളത്തോടുള്ള ചിറ്റമ്മ നയം. റെയിൽവേക്ക് ആവശ്യമായ കോച്ചുകൾ നിർമിക്കാൻ നിലവിലെ സംവിധാനം മതിയെന്ന കേന്ദ്രമന്ത്രിയുടെ വാദം തെറ്റാണെന്ന് ബജറ്റിൽ തന്നെ പറയുന്നുണ്ട്. 2018-19 കേന്ദ്ര ബജറ്റിൽ റെയിൽവേക്കായി 5160 കോച്ചുകളും 12,000 വാഗണുകളും വാങ്ങുമെന്നും ബജറ്റിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പൊതുമേഖല കോച്ച് ഫാക്ടറികളിൽനിന്ന് ഇത്രയും കോച്ചുകൾ ഈ സാമ്പത്തിക വർഷം ഉൽപാദിപ്പിക്കാൻ സാധ്യമല്ല. ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറി (ഐ.എഫ്.സി), പഞ്ചാബ് കബൂർത്തയിലെ റെയിൽ കോച്ച് ഫാക്ടറി (ആർ.സി.എഫ്), യു.പി റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി (എം.സി.എഫ്) എന്നിവയാണ് രാജ്യത്ത് പ്രവർത്തിക്കുന്ന പൊതുമേഖല കോച്ച് ഫാക്ടറികൾ. മൂന്ന് കോച്ച് ഫാക്ടറികളിൽനിന്നായി പ്രതിവർഷം പരമാവധി 4200 കോച്ചുകൾ മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. പരമാവധി 1700 കോച്ചുകൾ നിർമിക്കാൻ സാധിക്കുന്ന ചെന്നൈ ഫാക്ടറിയിൽ കഴിഞ്ഞ വർഷം 2215 കോച്ചുകളാണ് നിർമിച്ചത്. ബംഗാളിലെ ഹാൽഡിയയിൽ പ്രതിവർഷം 100 ഡെമു കോച്ചുകൾ നിർമിക്കുന്ന മറ്റൊരു ഫാക്ടറിയുമുണ്ട്. െമമു, എ.സി.ഇ.എം.യു കോച്ചുകൾ സ്വകാര്യ നിർമാതാക്കളിൽനിന്നാണ് റെയിൽവേ വാങ്ങുന്നത്. അതത് വർഷത്തെ ആവശ്യം പരിഗണിച്ചാണ് റെയിൽവേ കോച്ചുകൾ വാങ്ങുന്നത്. രണ്ട് വർഷത്തിനകം ആധുനിക എൽ.എച്ച്.ബി കോച്ചുകളിലേക്ക് റെയിൽവേ മാറുമെന്നും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തുതന്നെ കോച്ചുകൾ നിർമിക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് പാലക്കാട് കോച്ച് ഫാക്ടറിയെ ഒഴിവാക്കുന്നത്. പാലക്കാട് ഡിവിഷനിൽ നിന്ന് സേലം ഡിവിഷൻ വിഭജിച്ചു പോകുന്നതിനു പകരമായാണ് കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, തുടക്കം മുതൽ പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ആദ്യം പൊതുമേഖലയിൽ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് സ്വകാര്യ പങ്കാളിത്തമില്ലാതെ പദ്ധതി നടപ്പാക്കില്ലെന്ന് അറിയിച്ചു. ഹരിയാനയിൽ കോച്ച് ഫാക്ടറിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയതോടെ പാലക്കാട് കോച്ച് ഫാക്ടറിയോട് താൽപര്യമില്ലെന്ന് വ്യക്തമായി. 1.48 ലക്ഷം കോടിയോളം രൂപ റെയിൽവേ വികസനത്തിന് നീക്കിവെച്ചിട്ടുള്ള ബജറ്റിൽ പാലക്കാട് കോച്ച് ഫാക്ടറിക്ക് 1000 രൂപ മാത്രമാണ് നീക്കിവെച്ചത്. പാലക്കാട് കോച്ച് ഫാക്ടറിക്കായി റെക്കോഡ് വേഗത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ 439 ഏക്കർ ഭൂമിയുടെ കാര്യവും അനിശ്ചിതത്വത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.