ആരോപണ വിധേയനെ അന്വേഷണമേൽപ്പിച്ചു; തിരൂർ ഡിവൈ.എസ്​.പിക്ക് മനുഷ്യാവകാശ കമീഷൻ വിമർശനം

മലപ്പുറം: വൃദ്ധമാതാവിനെ മർദിച്ചവർക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ച തിരൂർ ഡിവൈ.എസ്.പിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ വിമർശനം. ഡിവൈ.എസ്.പിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമീഷൻ കണ്ടെത്തി. മാതാവിനെ മർദിച്ചതായി പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന തിരൂർ സൗത്ത് അന്നാര സ്വദേശിനി ഷീബയുടെ പരാതി ജില്ല പൊലീസ് സൂപ്രണ്ട് ഉചിതമായ വിലയിരുത്തലിന് വിധേയമാക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. മാർച്ച് ആറിനാണ് സംഭവം. മർദനത്തെ തുടർന്ന് അസ്വസ്ഥതകൾ കാണിച്ച ഇവരെ തിരൂർ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കമീഷൻ തിരൂർ ഡിവൈ.എസ്.പിയിൽനിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് നൽകിയത് ആരോപണ വിധേയനായ തിരൂർ സി.ഐയാണ്. പരാതിക്കാരിയുടെ അമ്മയുടെ മരണം മർദനം കാരണമാണോ എന്നറിയാൻ ചികിത്സരേഖകൾ പരിശോധിക്കണമെന്നാണ് സി.ഐയുടെ റിപ്പോർട്ടിൽ പറയുന്നത്. മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കാൻ ധൃതി കാണിച്ചെന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതിയിൽ ആരോപിക്കപ്പെട്ട സംഭവങ്ങളിലൊന്നിലും ൈക്രം കേസ് രജിസ്റ്റർ ചെയ്തതായി കാണുന്നില്ലെന്ന് കമീഷൻ പറഞ്ഞു. സമൂഹത്തി​െൻറ താഴെതട്ടിലുള്ള ഒരാളുടെ മരണത്തിലേക്ക് നയിച്ച പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ലഭ്യമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് അവഗണിച്ചു. ഇക്കാര്യങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് ആക്ഷേപമുള്ള പക്ഷം മൂന്നാഴ്ചക്കകം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമീഷൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.