വളാഞ്ചേരി: നഗരത്തിൽ വർധിച്ചുവരുന്ന ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനും നഗരസഭയിൽ ചേർന്ന യോഗത്തിൽ ധാരണയായി. നഗരസഭ അധികൃതരുടെയും വ്യാപാരി വ്യവസായികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തിലാണ് തീരുമാനം. നഗരത്തിലെ റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പേ ആൻഡ് പാർക്ക് സംവിധാനം, ബസ്സ്റ്റാൻഡിൽ അനധികൃത കച്ചവടം ഒഴിവാക്കുക, ബസുകൾ സ്റ്റാൻഡിൽ തങ്ങുന്നതിന് സമയം നിശ്ചയിക്കുക, ബസ് പാർക്കിങ്ങിനായി പ്രത്യേകം സ്ഥലങ്ങൾ അടയാളപ്പെടുത്തി നൽകുന്നതിനും തീരുമാനിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തുകയും പെട്ടി ഓട്ടോകൾ നഗരമധ്യത്തിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യും. നഗരസഭ ഹാളിൽ ചേർന്ന യോഗത്തിന് നഗരസഭാധ്യക്ഷ എം. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.വി. ഉണ്ണികൃഷ്ണൻ, കൗൺസിലർ ചിന്താമണി രാമകൃഷ്ണൻ, ഷിഹാബുദ്ദീൻ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്, ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. പ്രമോദ്, വ്യാപാരി സംഘടന നേതാക്കളായ ടി.എം. പത്മകുമാർ, കെ. മുഹമ്മദലി, ബസ് ഉടമ നേതാക്കളായ താഹിർ, അഷ്റഫ്, ടി. കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.