* എൽ.ഡി.എഫ് പിന്തുണയിൽ ലീഗ് സ്വതന്ത്ര അധ്യക്ഷ * കോൺഗ്രസിലെ കെ. മൊയ്തീൻ കോയ വൈസ് ചെയർമാൻ * രണ്ടുപേരെയും യു.ഡി.എഫ് പാളയത്തിൽനിന്ന് എൽ.ഡി.എഫ് അടർത്തിയെടുത്തു ഫറോക്ക്: യു.ഡി.എഫിൽനിന്ന് അടർത്തിമാറ്റിയ മൂന്ന് കൗൺസിലർമാരെ ഉപയോഗിച്ച് എൽ.ഡി.എഫ് ഫറോക്ക് നഗരസഭ ഭരണം പിടിച്ചെടുത്തു. മുസ്ലിം ലീഗ് സ്വതന്ത്ര ഇടതു പിന്തുണയോടെ ചെയർപേഴ്സണായപ്പോൾ, കോൺഗ്രസ് അംഗം വൈസ് ചെയർമാനായി. രണ്ടര വർഷത്തെ യു.ഡി.എഫ് ഭരണത്തിനാണ് ഇതോടെ വിരാമമായത്. 21ാം ഡിവിഷൻ കല്ലമ്പാറയിൽനിന്ന് വിജയിച്ച ലീഗ് സ്വതന്ത്ര ഖമറു ലൈലയാണ് അധ്യക്ഷ. യു.ഡി.എഫിലെ പി. റുബീനയെ 16നെതിരെ 21 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വൈസ് ചെയർമാനായി 35ാം ഡിവിഷൻ കരുവൻതിരുത്തി കോതാർതോടിൽനിന്ന് വിജയിച്ച കോൺഗ്രസിലെ കെ. മൊയ്തീൻകോയ തെരഞ്ഞെടുക്കപ്പെട്ടു. ഔേദ്യാഗിക യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ വി. മുഹമ്മദ് ഹസനെ 21 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇരുവരും എൽ.ഡി.എഫ് പിന്തുണയിലാണ് മത്സരിച്ചത്. യു.ഡി.എഫ് ഭരണസമിതിയിൽ ലീഗിലെ പി. റുബീനയായിരുന്നു ചെയർപേഴ്സൺ. കോൺഗ്രസിലെ വി. മുഹമ്മദ് ഹസൻ വൈസ് ചെയർമാനും. 17 സീറ്റുള്ള യു.ഡി.എഫ് രണ്ട് ലീഗ് സ്വതന്ത്രരുടെ പിന്തുണയിലാണ് ഭരണം കൈയാളിയിരുന്നത്. എൽ.ഡി.എഫിന് 18, ബി.ജെ.പി ഒന്ന് എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിലെ അനൈക്യവും ലീഗിലെ കടുത്ത ഗ്രൂപ്പിസവും വിഭാഗീയതയും മുതലെടുത്താണ് പ്രതിപക്ഷമായ എൽ.ഡി.എഫ് കരുക്കൾ നീക്കിയത്. ലീഗ് സ്വതന്ത്ര ഖമറു ലൈലയേയും കോൺഗ്രസിലെ കെ. മൊയ്തീൻകോയ, കെ.ടി. ശാലിനി എന്നിവരെയും യു.ഡി.എഫ് പാളയത്തിൽനിന്ന് അടർത്തിമാറ്റി. ഇവരെ ഉപയോഗിച്ചാണ് ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ 16ന് എൽ ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുണ്ടായത്. രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ലീഗിലെ പി. റുബീനക്ക് 16 വോട്ട്ലഭിച്ചപ്പോൾ, എൽ.ഡി.എഫ് പിന്തുണയിൽ മത്സരിച്ച ലീഗ് സ്വതന്ത്ര ഖമറു ലൈലക്ക് 21 വോട്ട് കിട്ടി. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ കെ. മൊയ്തീൻ കോയയും കെ.ടി. ശാലിനിയും ഖമറു ലൈലക്ക് അനുകൂലമായി വോട്ടു ചെയ്തു. ഉച്ചക്കുശേഷം വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ വി. മുഹമ്മദ് ഹസന് 16 വോട്ട് ലഭിച്ചപ്പോൾ, എൽ.ഡി.എഫ് പിന്തുണയിൽ മത്സരിച്ച കോൺഗ്രസിലെ കെ. മൊയ്തീൻകോയ 21 വോട്ട് നേടി. കെ.ടി. ശാലിനിയും ഖമറു ലൈലയും മൊയ്തീൻകോയക്ക് അനുകൂലമായി വോട്ട് ചെയ്തു. നേരത്തെ മുസ്ലിം ലീഗിലെ ടി. സുഹറാബിയായിരുന്നു നഗരസഭ അധ്യക്ഷ. ലീഗിലെ വിഭാഗീയതയും ഗ്രൂപ്പിസവും കാരണം ഒന്നരവർഷത്തിന് ശേഷം സുഹറാബിക്ക് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്നു. ശേഷം ലീഗിലെ പി. റുബീന അധ്യക്ഷയായെങ്കിലും ഗ്രൂപ്പിസം ശക്തിപ്രാപിച്ചു. കൗൺസിൽ യോഗങ്ങളിൽ ഇത് പ്രതിഫലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.