നിലമ്പൂർ: ജില്ലയിലെ ഏകചെറുകിട ജലവൈദ‍്യുത പദ്ധതിയായ ആഢ‍്യൻപാറയിൽ ഇതുവരെ ഉൽപാദിപ്പിച്ചത് ഒരു കോടി പത്ത് ലക്ഷം യൂനിറ്റ് വൈദ‍്യുതി. 2016ൽ 50 ലക്ഷം യൂനിറ്റും 2017 ൽ 37.30 ലക്ഷം യൂനിറ്റും വൈദ‍്യുതി ഉൽപാദിപ്പിച്ചു. 2018 ലാണ് ശേഷിച്ച യൂനിറ്റ് ഉൽപാദനം. മൺസൂൺ കാലത്തെ മാത്രം ആശ്രയിച്ചുള്ള വൈദ‍്യുത ഉൽപാദനമാണ് കേന്ദ്രം ലക്ഷ‍്യമാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞവർഷങ്ങളിൽ വേനൽ നീണ്ടുനിന്നതിനാൽ പ്രതീക്ഷിച്ച ഉൽപാദനം സാധ‍്യമായില്ല. ഈ വർഷം ലഭിച്ച വേനൽമഴയും മഴ നേരത്തേയെത്തിയതും ഉൽപാദനം വർധിപ്പിക്കാൻ സഹായകരമായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ട് മോട്ടോറുകളും പ്രവർത്തിച്ച് ഉൽപാദനം നടന്നു. 2,17,000 യൂനിറ്റ് വൈദ‍്യുതി ഈ രണ്ട് മാസങ്ങളിലായി ഉൽപാദിപ്പിച്ചു. ഈ വർഷം റെക്കോഡ് വൈദ‍്യുതി ഉൽപാദനമാണ് ബോർഡ് ലക്ഷ‍്യമിട്ടിരുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച മണ്ണിടിച്ചിലുണ്ടായി തുരങ്കം അടഞ്ഞ് പ്രവർത്തനം നിലച്ചത്. കനത്ത മഴയെ തുടർന്ന് കാഞ്ഞിരംപുഴയിൽ അനുഭവപ്പെട്ട മലവെള്ളപ്പാച്ചിലിൽ ചൊവ്വാഴ്ച രാത്രി കേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നില്ല. 2015ലാണ് പദ്ധതി കമീഷൻ ചെയ്തത്. 3.5 മെഗാവാട്ട് െവെദ‍്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കാൻ ലക്ഷ‍്യമിട്ടത്. 0.5 മെഗാവാട്ടും 1.5 മെഗാവാട്ടും ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. ഇത് ഒരേസമയം പ്രവർത്തിപ്പിച്ചാൽ 50ഓളം മെഗാവാട്ട് വൈദ‍്യുതിയാണ് ലഭിക്കുക. ഒരു മണിക്കൂറിൽ രണ്ട് ജനറേറ്ററുകളും 3.5 മെഗാവാട്ട് വൈദ‍്യുതിയാണ് ഉൽപാദിപ്പിക്കുക. പ്രതിവർഷം 9.01 ദശലക്ഷം യൂനിറ്റ് വൈദ‍്യുതി ഉൽപാദനമാണ് ജില്ലയിലെ ഏകജലവൈദ‍്യുതിയായ ആഢ‍്യൻപാറയിൽനിന്ന് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.