ട്രോളിങ്​ നിരോധനം: ജില്ലയിലെ മിക്ക ബോട്ടുകളും കരക്കണഞ്ഞു

പൊന്നാനി: ട്രോളിങ് നിരോധനം ശനിയാഴ്ച അർധരാത്രി ആരംഭിക്കാനിരിക്കെ ജില്ലയിലെ ഒട്ടുമിക്ക ബോട്ടുകളും വ്യാഴാഴ്ച വൈകീട്ടോടെ കരക്കണഞ്ഞു. വെള്ളിയാഴ്ച സാധാരണ ഗതിയിൽ മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകാറില്ല. ഇതിനാൽ ട്രോളിങ് നിരോധനത്തിന് ഒരു ദിവസം മുമ്പുതന്നെ ബോട്ടുകൾ കരക്കടുപ്പിച്ചു. മാസങ്ങളായി കടൽ പ്രക്ഷുബ്ദമായതിനാൽ ഒട്ടുമിക്ക ബോട്ടുകളും കടലിൽ പോയിട്ടില്ല. ഇതോടെ മത്സ്യങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായത്. 53 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധനം കൂടിയാവുമ്പോൾ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാകും. ട്രോളിങ്ങി​െൻറ ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്ന സംസ്ഥാനത്തെ പതിനായിരത്തോളം ബോട്ടുകളുടെ എൻജിൻ നിലക്കുമ്പോൾ മീൻപിടുത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളംതെറ്റും. ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് കാലയളവെങ്കിൽ ഇത്തവണ കേന്ദ്രത്തി‍​െൻറ ആവശ്യപ്രകാരം 52 ദിവസമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവസാനവട്ട പണിയും ഇത്തവണ ചതിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആഴക്കടലിൽ ശക്തമായ കാറ്റും കോളുമായതിനാൽ ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടിയില്ല. നിരാശയോടെയാണ് മീൻപിടിത്തക്കാർ മടങ്ങിയത്. മൺസൂൺ ആരംഭിച്ചാൽ പൊതുവെ നല്ല പണിയുണ്ടാകാറുണ്ട്. ഇത്തവണ മീൻ കിട്ടിയതേയില്ല. ഡീസൽ ചെലവു പോലും ലഭിക്കാതെയാണ് മിക്ക ബോട്ടുകളും തിരിച്ചെത്തിയത്. കടൽക്കാറ്റും ശക്തമായതിനാൽ മിക്ക ബോട്ടുകളും വേഗത്തിൽ തീരമണിയുകയാണ്. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കാണ് സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖത്ത്. കരക്കെത്തിയ ബോട്ടുകാർ വല, ജി.പി.എസ്, എക്കോ സൗണ്ട്, വയർലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്ത് സുരക്ഷിതമാക്കുകയാണ്. ബേപ്പൂരിലും പൊന്നാനിയിലും കടലിൽ പോകുന്ന ബോട്ടുകളിലെ തൊഴിലാളികൾ ഏറെ പേരും തമിഴ്നാട്ടുകാരും ബംഗാളികളുമാണ്. ഇവർ ഒന്നിച്ച് നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. മത്സ്യമേഖലയിൽ എക്കാലത്തെയും മോശമായ സീസണാണ് കടന്നുപോയത്. വെറും കൈയോടെ മടങ്ങിയെത്തിയ ദിനങ്ങൾ ഏറെയുണ്ടായി. ബോട്ടുടമകളെ കടക്കെണിയിലേക്കും തൊഴിലാളികളെ പട്ടിണിയിലേക്കും തള്ളിവിട്ട സീസണായിരുന്നു ഇത്തവണ. 52 ദിവസത്തെ നിരോധനത്തിന് പകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മീൻപിടിത്ത നിരോധനംമൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ പട്ടിണിയിലമരുമ്പോൾ വിദേശ കപ്പലുകൾ യഥേഷ്ടം മീൻ പിടിക്കുകയാണ്. ഇതിന് സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് ആവശ്യം. ട്രോളിങ് നിരോധന കാലയളവിൽ സംസ്ഥാന അതിർത്തിയായ 12 നോട്ടിക്കൽ മൈൽവരെ പരമ്പരാഗത വള്ളക്കാർക്ക് മത്സ്യബന്ധനം അനുവദിക്കും. ഇവർ എത്തിക്കുന്ന മത്സ്യമാകും ഇനിയുള്ള നാളുകളിൽ വിപണിയിലെത്തുക. ട്രോളിങ് നിരോധനം ലംഘിക്കുന്നത് തടയാൻ ഫിഷറീസും മറൈൻ എൻഫോഴ്സ്മ​െൻറും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. ഒമ്പതിന് അർധരാത്രി മുതൽ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മ​െൻറ് സംഘം കടൽ പട്രോളിങ് തുടങ്ങുമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.