ദു​ബൈയിൽനിന്ന്​ ഡൽഹിയിലെത്തിയ യുവാവിനെപ്പറ്റി രണ്ടു വർഷമായിട്ടും വിവരമൊന്നുമില്ല

തിരുനാവായ (മലപ്പുറം): രണ്ട് വർഷം മുമ്പ് ദുബൈയിൽനിന്ന് ഡൽഹിയിലെത്തിയ യുവാവി​െൻറ തിരോധാനത്തെപ്പറ്റി വിവരമൊന്നും ലഭിക്കാത്തതിൽ ബന്ധുക്കൾ ദുഃഖത്തിൽ. അനന്താവൂർ ചേരൂരാലിലെ തോട്ടത്തിൽ അബ്ദുറഹ്മാൻ-മൈമൂന ദമ്പതികളുടെ മകൻ ഹുസൈനെയാണ് (32) കാണാതായത്. അൽ ഐനിൽ ഫ്ലവർഷോപ് ബിസിനസുകാരനായിരുന്നു. തിരോധാനം സംബന്ധിച്ച് ദുബൈയിലും കേരളത്തിലും നടന്ന പൊലീസ് അന്വേഷണങ്ങളും എങ്ങുമെത്തിയില്ല. കാണാതാകുന്നതി​െൻറ ഒന്നരവർഷം മുമ്പ് വിവാഹം കഴിച്ച യുവതി കാത്തിരുന്ന് മടുത്ത് ഇരു വീട്ടുകാരുടെയും ബന്ധുക്കയുടെയും അഭ്യർഥന മാനിച്ച് ഈയിടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന പിതാവ് മകനെ കണ്ടെത്താനായി മുട്ടാത്ത വാതിലുകളില്ല. ദുബൈ ഇന്ത്യൻ എംബസി, ദുബൈ പൊലീസ്, ഡൽഹി പൊലീസ്, കേരള പൊലീസ്, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടും നിരാശയായിരുന്നു ഫലം. കൂട്ടുകാരനും മലപ്പുറം കോഡൂർ സ്വദേശിയുമായ ഹമീദി​െൻറ കൂടെ ബിസിനസ് നടത്തിവന്നിരുന്ന ഹുസൈൻ ആരോടും പറയാതെയാണ് 2016 ജൂൺ ഒന്നിന് യു.എ.ഇ വിട്ടത്. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യമറിഞ്ഞത്. പിന്നീടൊരു വിവരവുമുണ്ടായില്ല. നാട്ടുകാരുമായോ ഗൾഫിലുള്ള സുഹൃത്തുക്കളുമായോ ബന്ധം സ്ഥാപിച്ചതുമില്ല. റമദാൻ തുടങ്ങുന്നതിനു മുമ്പ് നാട്ടിലേക്കു പോകുമെന്ന് ഹുസൈൻ പറഞ്ഞ വിവരം മാത്രമാണത്രെ സുഹൃത്തുക്കൾക്കുള്ളത്. എന്നാൽ, ഡൽഹി യാത്രയെക്കുറിച്ച് ആരോടും ഒരു സൂചനയും നൽകിയിരുന്നില്ല. ഡൽഹിയിൽ ബന്ധുക്കളോ കൂട്ടുകാരോ ഇല്ല തന്നെ. അതുകൊണ്ടുതന്നെ ഹുസൈ​െൻറ ഡൽഹി യാത്രയുടെ കാരണവും ദുരൂഹമായി തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.