റമദാൻ-മൺസൂൺ സീസണിൽ മോഷണത്തിന് പദ്ധതി: രണ്ടംഗ സംഘം പിടിയിൽ

കരുവാരകുണ്ട്: മൺസൂൺ-റമദാൻ സീസണിൽ ആളൊഴിഞ്ഞ വീടുകളിൽ മോഷണത്തിന് പദ്ധതിയിട്ട രണ്ടുപേരെ കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാർ അറസ്റ്റ് ചെയ്തു. ആലിപ്പറമ്പിലെ കൊടുവള്ളി ശബീറലി എന്ന മാജിക്ക് ശബീർ (34), പാണ്ടിക്കാട് വള്ളുവങ്ങാട് പാലത്തിങ്ങൽ സൈഫുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്. കളവ് നടത്തുവാനുള്ള ഉപകരണങ്ങളുമായി ബുധനാഴ്ച പുലർച്ച രണ്ടിനാണ് ഇവർ തുവ്വൂരിൽ വെച്ച് പിടിക്കപ്പെട്ടത്. തലശ്ശേരി, ഇരിട്ടി, എറണാകുളം, താനൂർ, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിൽ നിരവധി കളവ് കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ് ശബീറലി. പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽ കളവ് നടത്തി ശിക്ഷക്കപ്പെട്ട സൈഫുദ്ദീനെ ജയിലിൽ നിന്നാണ് ഒന്നാം പ്രതി പരിചയപ്പെട്ടത്. ആൾത്താമസമുള്ള വീടുകളിലും മുറികളിലും വരെ കളവ് നടത്താൻ വിദഗ്ധനാണ് ശബീറലി. ഇഫ്താർ വിരുന്നിന് പോകുന്ന വീടുകളാണ് സംഘം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം പാണ്ടിക്കാട് പൊലീസ് സ്റ്റേഷന് അടുത്തുള്ള വീടിനകത്ത് കയറി കറങ്ങിനടക്കവെ കാവൽക്കാരനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. കളിയാട്ടമുക്ക് കൊടക്കാട്ടുനിന്ന് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന പ്ലാറ്റിന മോട്ടോർ സൈക്കിൾ മോഷ്ടിച്ച ശേഷം കോഴിക്കോട്ടെ വിവിധ ലോഡ്ജുകളിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. ലോട്ടറി ടിക്കറ്റുകൾ തിരുത്തി ഏജൻസികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിലും വിദഗ്ധനാണ് ശബീറലിയെന്ന് പൊലീസ് അറിയിച്ചു. എ.എസ്.ഐമാരായ ശ്രീകുമാർ, അബ്ദുസ്സലാം, എസ്.സി.പി.ഒമാരായ സെബാസ്റ്റ്യൻ രാജേഷ്, രതീഷ്, മൺസൂർ, സി.പി.ഒമാരായ ഫാസിൽ, അരുൺ, ഇല്യാസ്, സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.