ശുചീകരണത്തിന് സിവിൽസ്റ്റേഷൻ ബി-ടു ബ്ലോക്കിലെ 14 ഓഫിസുകളും കൈകോർത്തു മലപ്പുറം: ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ ശ്രമത്തിൽ സിവിൽ സ്റ്റേഷൻ ബി-ടു ബ്ലോക്ക് കെട്ടിടത്തിലെ മാലിന്യങ്ങളെ പടികടത്തി. ബ്ലോക്കിൽ പ്രവർത്തിക്കുന്ന 14 ഓഫിസുകളിലുമുള്ളവർ ഇതിനായി കൈ മെയ് മറന്ന് രംഗത്തിറങ്ങുകയായിരുന്നു. സ്വന്തം നിലക്ക് പൂർത്തിയാക്കാനാവില്ലെന്ന് കണ്ടതോടെ കൂലിക്ക് ആളെവെച്ചും ശുചീകരണം നടത്തി. ഇതിനുവേണ്ട ചെലവ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് വഹിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് ഗ്രീൻ പ്രോട്ടോകോൾ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ബി-ടു ബ്ലോക്കും പരിസരവും ശുചീകരിക്കാൻ തീരുമാനിച്ചത്. ജൂൺ രണ്ടിന് ഉദ്യോഗസ്ഥരും ജീവനക്കാരും ഇറങ്ങി വൃത്തിയാക്കൽ തുടങ്ങിയെങ്കിലും കാടുവെട്ടലുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനായില്ല. തുടർന്നാണ് മൂന്നുപേരെ കൂലിക്ക് നിർത്തിയത്. നാലുദിവസം കൊണ്ട് ഇവർ ജോലി തീർത്തു. ഓഫിസുകളിൽ പാർട്ട്ടൈം സ്വീപ്പർമാരുണ്ടെങ്കിലും കോണികളും ഇടനാഴികളും ഇവർ വൃത്തിയാക്കാറില്ല. ശുചിത്വ യജ്ഞത്തിനിടെ ഇടനാഴികളിൽ കിടന്ന ഫർണിച്ചറുകളും നീക്കം ചെയ്തു. പാർട്ട്ടൈം സ്വീപ്പർമാരുടെ യോഗം വിളിച്ച് ഇനിമേൽ കോണികളും ഇടനാഴികളും കൂടി വൃത്തിയാക്കണമെന്ന നിർദേശവും നൽകി. എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ച ഉദ്യോഗസ്ഥരും ജീവനക്കാരും അവനവെൻറ ഇരിപ്പിടവും മേശയും വൃത്തിയാക്കണമെന്ന് ജില്ല കലക്ടർ നിർദേശിച്ചിരുന്നു. ഇത് കർശനമാക്കാനും പരിസരം കൂടി മാലിന്യവിമുക്തമാക്കാനും ആവശ്യപ്പെടുന്നതിനായി ബി-ടു ബ്ലോക്കിലുള്ളവർ അടുത്തയാഴ്ച വീണ്ടും യോഗം ചേരും. ശുചീകരണത്തിന് ഉദ്യോഗസ്ഥരായ സി.കെ. ഗിരീഷൻ പിള്ള, പി. ബാലകൃഷ്ണൻ, അജീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.