തിരൂർ: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃക പഠനം, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസന പഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂൺ 25. ജൂലൈ ഏഴിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലും സർവകലാശാല ആസ്ഥാനത്തും പ്രവേശന പരീക്ഷ നടക്കും. ഒന്നര മണിക്കൂറാണ് പരീക്ഷ ദൈർഘ്യം. 20 ശതമാനം ഒബ്ജക്ടീവ് രീതിയിലും 80 ശതമാനം വിവരണാത്മകരീതിയിലുമുള്ള ചോദ്യങ്ങളാണുണ്ടാവുക. ജൂലൈ 30ന് പ്രവേശനം ആരംഭിക്കും. ഓരോ കോഴ്സിലും 10 പേർക്കാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. 2018 ജൂലൈ 31ന് 28 വയസ്സ് കഴിയാന്‍ പാടില്ല (പട്ടികജാതി-വര്‍ഗം, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് 30 വയസ്സ്). ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടാകും. ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. സാഹിത്യരചന കോഴ്സിന് അപേക്ഷിക്കുന്നവര്‍ അഞ്ച് പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത-രണ്ടെണ്ണം, ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കണം. ഇതിന് 20 മാര്‍ക്ക് ലഭിക്കും. രചനയില്‍ പേരെഴുതാന്‍ പാടില്ല. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. ഓരോ കോഴ്സിനും 350 രൂപയാണ് ഫീസ് (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 150 രൂപ). എസ്.ബി.ഐ തിരൂര്‍ ടൗണ്‍ ശാഖയിലെ സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്‍/ജേണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷ ഫോറം www.malayalamuniversity.edu.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ ഫീസ്തുക തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡി.ഡിയായി നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.