കാലവർഷ ദുരന്തങ്ങൾ മറികടക്കാൻ വിപുല ഒരുക്കം; ടാങ്കർ ഡ്രൈവർമാർക്ക് കട്ടൻചായ; കാലികൾക്കും ദുരിതാശ്വാസകേന്ദ്രം

മഞ്ചേരി: അന്തിയുറങ്ങാൻ വഴിയില്ലാതെ െതരുവിൽ അലയുന്നവർക്ക് കാലവർഷം ശക്തമാവുമ്പോഴെങ്കിലും താൽക്കാലികമായി കിടന്നുറങ്ങാനിടവും ഭക്ഷണവും ഒരുക്കാൻ കലക്ടർമാർക്ക് സർക്കാർ നിർദേശം. സംസ്ഥാന ഡിസാസ്റ്റർ മാനേജ്മ​െൻറാണ് കാലവർഷം ശക്തമാവുമ്പോഴുള്ള അപകട, ദുരന്തനിവാരണത്തിന് വിശദമായ മാർഗരേഖ വിവിധ വകുപ്പുകൾക്ക് നൽകിയത്. ബസ്സ്റ്റാൻഡുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ഇതര സംസ്ഥാനക്കാരും നാടോടികളും ഉൾപ്പെടെയുള്ളവരെയാണ് താൽക്കാലികമായി പുനരധിവസിപ്പിക്കേണ്ടത്. മഴക്കാലത്ത് വ്യാപകമാവാറുള്ള ടാങ്കർ ലോറി അപകടങ്ങൾ കുറക്കാൻ ചൂടുകാപ്പിയും നിർദേശിച്ചിട്ടുണ്ട്. രാത്രി പത്തിനും പുലർച്ച ആറിനും ഇടയിൽ ഏത് നേരത്തും പൊലീസോ ട്രോമാകെയർ വളൻറിയർമാരോ കൈ കാണിച്ചാൽ പേടിക്കേണ്ട. ഒരു ഗ്ലാസ് കട്ടൻകാപ്പി നീട്ടാനാണ്. കാപ്പി കഴിച്ച് 30 മിനിറ്റ് നിർബന്ധിത വിശ്രമം നൽകാനും അഡീഷനൽ സെക്രട്ടറി കെ. ശൈലശ്രീ പുറത്തിറക്കിയ ദീർഘമായ സർക്കുലറിൽ നിർദേശിച്ചു. വേണ്ട തുക റോഡ് സുരക്ഷ അതോറിറ്റികൾ കണ്ടെത്തണം. സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകണം. അനുസരിക്കാത്തവർ അപകടങ്ങളുടെ നഷ്ടം നികത്തണം. വില്ലേജിൽ ഒന്ന് എന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പിന് സ്ഥലം കണ്ടെത്തണം. കുട്ടനാട്ടിലും കോൾനിലങ്ങളിലും പൊക്കാളി മേഖലയിലും മനുഷ്യർക്ക് പുറമെ മൃഗസംരക്ഷണ ദുരിതാശ്വാസ ക്യാമ്പും കരുതിവെക്കണം. കാലികൾക്കുള്ള വൈക്കോൽ, തീറ്റ, പുല്ല്, മരുന്ന് എന്നിവ ലഭ്യമാക്കാൻ കരാർ ക്ഷണിച്ച് എപ്പോൾ വേണമെങ്കിലും ലഭ്യമാക്കണം. മുഴുവൻ താലൂക്ക് സപ്ലൈ ഒാഫിസർമാരും 100 കി.ഗ്രാം അരി, 50 കി.ഗ്രാം പയർ, പത്തു കി.ഗ്രാം എണ്ണ, 75 കി.ഗ്രാം മണ്ണെണ്ണ എന്നിവ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കരുതിവെക്കണം. മറ്റു ഭക്ഷ്യ വസ്തുക്കൾ സപ്ലൈക്കോ ലഭ്യമാക്കണം. രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്താൽ പാറപൊട്ടിക്കൽ വില്ലേജ് ഒാഫിസർ നിർത്തിവെപ്പിക്കണം. പാറമടകളിലെ കുളങ്ങൾക്ക് ഉറപ്പുള്ള വേലി കെട്ടണം. പൊതുസ്ഥലങ്ങളിൽ അപകടകരമായ രീതിയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണം. പാലിക്കാത്ത വകുപ്പുകൾക്കാണ് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.