തിരൂർ: നഗരസഭ മാർക്കറ്റിനകത്ത് കയറ്റിറക്ക് തൊഴിലാളി നിറമരതൂർ കാളാട് പത്തംമ്പാട് ചുക്കാംപറമ്പിൽ സെയ്തലവി (65) കൊല്ലപ്പെട്ട കേസുകൾ പൊലീസ് തുമ്പ് തേടുന്നത് ശാസ്ത്രീയാന്വേഷണത്തിലൂടെ. കൊല നടത്തിയെന്ന് സംശയിക്കുന്നയാൾ മനോരോഗിയായതിനാൽ അന്വേഷണം ദുഷ്കരമാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിനുള്ള പരിമിതി പൊലീസിനെ വലക്കുന്നു. അതിനാലാണ് ശാസ്ത്രീയ തെളിവുകൾ സംയോജിപ്പിച്ച് പ്രതിയിലേക്ക് എത്താൻ ശ്രമിക്കുന്നത്. മാർക്കറ്റിനകത്തെ കടകളിലുള്ള 13 സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. രാത്രി 10 മണി മുതലുള്ള ദൃശ്യങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ചില സി.സി.ടി.വികളിൽ മനോരോഗിയുടെ ദൃശ്യങ്ങളുണ്ട്. പൊലീസ് നായ കൊല നടന്ന മുറിയിൽനിന്ന് മണംപിടിച്ച് ഓടിയത് ഇയാൾ സ്ഥിരമായി തങ്ങാറുള്ള മേഖലയിലേക്കാണ്. കൊലപാതകം നടന്ന മുറിയിൽനിന്ന് മുടി ലഭിച്ചിട്ടുണ്ട്. ഇത് സെയ്തലവിയുടേതാണോ കൊലയാളിയുടേതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. രക്തസാമ്പിൾ ശേഖരിച്ചത് വേർതിരിച്ചെടുത്തും പരിശോധിക്കും. കൊലക്കുപയോഗിച്ച കല്ലിൽ വിരലടയാളം കണ്ടെത്താനായിട്ടില്ല. സാധാരണ കല്ല് പോലെയുള്ളവയിൽ വിരലടയാളം പതിയില്ലെന്നാണ് വിദഗ്ധരുടെ നിലപാട്. സാഹചര്യത്തെളിവുകൾ കൂടി വിലയിരുത്തിയ ശേഷം അന്തിമ നിഗമനത്തിലെത്താനാണ് പൊലീസ് തീരുമാനം. രാത്രി ഇയാളെ മാർക്കറ്റിൽ കണ്ടതായി മൊഴികളുമുണ്ട്. മനോരോഗിയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പരസ്പര വിരുദ്ധ മൊഴികളാണ് നൽകുന്നത്. പലപ്പോഴും സംസാരിക്കാൻ പോലും തയാറാകുന്നില്ല. മനോരോഗ വിദഗ്ധരുടെ സഹായത്തോടെ ഇയാളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കാൻ നടപടിയെടുക്കുന്നതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.ഐ അബ്ദുൽ ബഷീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.