കരുവാരകുണ്ട്: കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രത്തിന് മുകളിൽ മണലിയാംപാടത്ത് ലഘുപാനീയ കമ്പനിക്ക് ലൈസൻസ് നൽകാൻ നിർദേശം. വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച ചെറുകിട വ്യവസായ വകുപ്പ് ഉദ്യോഗസ്ഥ സംഘമാണ് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് ഗ്രാമപഞ്ചായത്തിനെ അറിയിച്ചത്. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് സംഘം മണലിയാംപാടത്തെത്തിയത്. ഒലിപ്പുഴയുടെ ഉദ്ഭവസ്ഥാനവും പരിസ്ഥിതിലോല പ്രദേശവുമായ മണലിയാംപാടത്ത് കമ്പനിക്ക് ലൈസൻസ് നൽകിയതും അനുമതി നൽകാൻ ഏകജാലക ക്ലിയറൻസ് ബോർഡ് ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയതും ജനകീയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഡി.വൈ.എഫ്.ഐ, മുസ്‌ലിം യൂത്ത് ലീഗ്, അഴിമതി വിരുദ്ധ കൂട്ടായ്മയായ 'വല', പരിസ്ഥിതി സംരക്ഷണ സമിതി എന്നിവ ഗ്രാമപഞ്ചായത്തിന് പരാതിയും നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജില്ല കലക്ടറെ സമീപിച്ചതിനെ തുടർന്നാണ് സംഘം സന്ദർശനം നടത്തിയത്. നിലമ്പൂർ താലൂക്ക് വ്യവസായ ഓഫിസർ സുനിത, കാളികാവ് ബ്ലോക്ക് ഓഫിസർ ശ്രീരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വി. മോഹനൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മലിനജലം പുഴയിലേക്ക് ഒഴുക്കിവിടില്ലെന്നും അങ്ങനെ സംഭവിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും രേഖാമൂലം കമ്പനി ഉടമകളിൽനിന്ന് എഴുതിവാങ്ങി അനുമതി നൽകാനാണ് നിർദേശമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.