ജി.എസ്.ടി കുടിശ്ശിക 200 കോടി ഉടൻ നൽകും; സമരത്തിൽനിന്ന് കരാറുകാർ പിന്മാറി

പാലക്കാട്: സർക്കാർ വകുപ്പുകൾ നൽകാനുള്ള ജി.എസ്.ടി കുടിശ്ശിക ഉടൻ നൽകുമെന്ന ഉറപ്പിൽ ഗവ. കരാറുകാർ അനിശ്ചിതകാല സമരത്തിൽനിന്ന് പിന്മാറി. 24ന് ധനമന്ത്രിയുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് കുടിശ്ശികയായ 200 കോടി രൂപ നൽകാമെന്ന് സർക്കാർ സമ്മതിച്ചത്. കരാറുകാർ ഉന്നയിച്ച മറ്റു പ്രശ്നങ്ങളും അനുഭാവ പൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പു നൽകി. കൂടുതൽ ചർച്ചകൾക്ക് ധനമന്ത്രി ആഗസ്റ്റ് ആറിന് യോഗം വിളിച്ചു. മഴ കനത്ത് സംസ്ഥാനത്തുടനീളം റോഡുകൾ തകർന്ന സാഹചര്യത്തിൽ സമരം പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് വിഷയത്തിൽ ഉടൻ തീരുമാനമുണ്ടായത്. കെ.എസ്.ഇ.ബി ജി.എസ്.ടി കുടിശ്ശിക നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പും തദ്ദേശ വകുപ്പുമാണ് നൽകാതിരുന്നത്. 2017 ജൂലൈ മുതൽ കരാർ നിർമാണങ്ങൾക്ക് 12 മുതൽ 18 ശതമാനം വരെയാണ് ജി.എസ്.ടി നിരക്ക്. എന്നാൽ എസ്റ്റിമേറ്റിൽ 10 ശതമാനമായി കരാറുകാരുടെ ലാഭം നിജപ്പെടുത്തുകയും ചെയ്തു. ജി.എസ്.ടി ഇനത്തിൽ 14 ശതമാനം തുക മുൻകൂർ നൽകണമെന്നതാണ് കരാറുകാരെ ചൊടിപ്പിച്ചത്. തുടർന്ന് ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രവൃത്തികൾക്ക് ആനുപാതികമായ നിരക്കിൽ ജി.എസ്.ടി ബിൽ തുകക്കൊപ്പം നൽകാമെന്ന് തീരുമാനിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പും തദ്ദേശ വകുപ്പും ഉത്തരവ് നടപ്പാക്കാത്തതിനാൽ കുടിശ്ശിക ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.