തിരുവനന്തപുരം: സർവർ തകരാറിെൻറ മറവിൽ സംസ്ഥാനത്ത് മാന്വൽ ഇടപാടിലൂടെ റേഷൻവ്യാപാരികൾ 350 കോടിയുടെ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ സംസ്ഥാന സിവിൽ സപ്ലൈസ് ഡയറക്ടറോട് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വിശദീകരണം തേടി. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ റേഷൻകടകളിൽ ശക്തമായ പരിശോധനക്കും നിർദേശം നൽകിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിന് പുറമെ ഭക്ഷ്യവകുപ്പിെൻറ വിജിലൻസ് സ്ക്വാഡും പരിശോധന നടത്തും. മന്ത്രിയുടെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം സിറ്റിയിൽ നടന്ന പരിശോധയിൽ ക്രമക്കേട് കണ്ടെത്തിയ ഒരു കട സസ്പെൻഡ് ചെയ്തു. കാർഡ് ഉടമകൾ അറിയാതെ റേഷൻ സാധനങ്ങൾ ഇ-പോസ് മെഷീനിൽ മാന്വലായി രേഖപ്പെടുത്തിയതിന് കുമാരപുരം പൂന്തി റോഡിലെ 222ാം നമ്പർ കടയാണ് താലൂക്ക് സപ്ലൈ ഓഫിസർ എ. ഷാനവാസ് സസ്പെൻഡ് ചെയ്തത്. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ശക്തമായ പരിശോധനയുണ്ടാകുമെന്നാണ് വിവരം. സർക്കാർ ഉത്തരവില്ലാതെ ഞായറാഴ്ച പ്രവർത്തിച്ച 267 റേഷൻകടകളുടെ വിവരങ്ങൾ ഐ.ടി വിഭാഗവും പരിശോധിച്ച് വരികയാണ്. മാന്വൽ ഇടപാടുകൾ കൂടുതൽ നടന്ന കടകളിൽ ഇവർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫിസർമാർ പരിശോധന നടത്തുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച സംസ്ഥാനത്ത് 2,69,373 ഇടപാടുകളിൽ 14,361 എണ്ണവും മാന്വലായിരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ-2346. കുറവ് വയനാടും-176. അതേസമയം സർവർ തകരാറിെൻറ പേരിൽ ഒരു കാർഡ് ഉടമക്കും റേഷൻ മുടങ്ങാൻ പാടില്ലെന്ന സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് മാന്വൽ ഇടപാടുകൾ നടത്തിയതെന്നും അങ്ങനെ ചെയ്ത വ്യാപാരികളെ ജനമധ്യത്തിൽ താറടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റ് മാസങ്ങളെ അപേക്ഷിച്ച് മാന്വൽ ഇടപാടുകൾ ജൂലൈയിൽ കുറവായിരുന്നു. പ്രത്യേക രജിസ്റ്ററിൽ എഴുതിയാണ് ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഈ രീതിയിൽ വിതരണം ചെയ്തവകയിൽ കാർഡ് ഉടമകളുടെ ഭാഗത്തുനിന്ന് ഒരുപരാതിയും ഉണ്ടായിട്ടില്ലെന്നും റേഷൻ സംഘടനകൾ അറിയിച്ചു. അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.