വാളയാർ: കോയമ്പത്തൂർ സ്വദേശിയായ ലോറി ക്ലീനർ വിജയ് മുരുകേശ് (21) മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവം നടന്ന് രണ്ടുദിവസമായിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനായിട്ടില്ല. കേസ് തമിഴ്നാട്ടിലായതിനാൽ തുടരന്വേഷണം അവിടേക്ക് കൈമാറും. സാഹചര്യ തെളിവുകളുടെയും ഡ്രൈവറുടെ മൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ സംഭവം നടന്നത് ചാവടിക്കും എട്ടിമടൈയിക്കുമിടയിലാണെന്ന് വ്യക്തമായതോടെയാണിത്. ചാവടി പൊലീസും അന്വേഷണമാരംഭിച്ചതായി അറിയുന്നു. വിശദമായ പോസ്റ്റ്േമാർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനഫലവും ലഭിച്ചാൽ മാത്രമേ കേസിൽ പുരോഗതിയുണ്ടാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു. വിരലടയാളങ്ങൾ ഉൾപ്പെടെയുള്ളവ നിർണായകമാകും. സംഭവസമയത്ത് അതുവഴി യാത്ര ചെയ്ത ലോറി ഡ്രൈവർമാരുടെയും ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐമാരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവസമയത്ത് ലോറി ഡ്രൈവറും ക്ലീനറും മാത്രമാണ് ഉണ്ടായിരുന്നതെന്നും സംഭവം നടന്ന ശേഷമാണ് ഈ വിവരം അറിഞ്ഞതെന്നുമാണ് മറ്റ് ഡ്രൈവർമാരുടെ മൊഴി. ഡ്രൈവറുടെ മൊഴിയാണ് പൊലീസിനെ കുഴക്കുന്നത്. കേരളത്തിലാണ് സംഭവം നടന്നതെന്നായിരുന്നു ഡ്രൈവർ നൂറുല്ല ആദ്യം നൽകിയ മൊഴി. എന്നാൽ, പിന്നീട് ചികിത്സ വേഗത്തിൽ ലഭിക്കാനാണ് സംഭവം നടന്നത് കേരളത്തിലാണെന്ന് പറഞ്ഞതെന്ന് ഇയാൾ അറിയിച്ചു. മരിച്ച വിജയ് മുരുകേശിെൻറ പേരിലും ആശയക്കുഴപ്പമുണ്ടായിരുന്നു. മുബാറക് ബാഷ എന്നാണ് ഡ്രൈവർ പറഞ്ഞ പേര്. എന്നാൽ, അപകടസ്ഥലത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ രേഖയിൽ വിജയ് മുരുകേശ് എന്നായിരുന്നു പേര്. വിജയ് മുരുകേശ് മതം മാറി പ്രണയിനിയെ വിവാഹം കഴിക്കാൻ തയാറെടുത്തുവെന്നും അതിെൻറ മുന്നോടിയായാണ് പേര് മാറ്റിയതെന്നുമായിരുന്നു ഡ്രൈവറുടെ വിശദീകരണം. എന്നാൽ, ഇക്കാര്യങ്ങളറിഞ്ഞിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. കല്ലേറ് കൊണ്ടാണ് മരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഓടുന്ന ലോറിയിലിരിക്കുന്ന ഒരാളെ ഒറ്റയേറിൽ കൊല്ലാൻ എങ്ങനെ സാധിക്കുമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പങ്കില്ല -ലോറി ഉടമ സംഘടനകൾ പാലക്കാട്: ക്ലീനറുടെ മരണത്തിൽ പങ്കില്ലെന്ന് ഒാൾ ട്രക്ക് ഓണേഴ്സ് ഹെൽപ് ലൈൻ, പാലക്കാട് ജില്ല ട്രക്ക് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമരത്തോടനുബന്ധിച്ച് ലോറികൾ തടഞ്ഞിരുന്നു. എന്നാൽ, ആരെയും ആക്രമിച്ചിട്ടില്ല. നിരവധി ലോറികൾ സമരത്തിന് ശേഷം കടന്നുപോയെങ്കിലും ആരെയും ഉപദ്രവിച്ചിട്ടില്ല. തമിഴ്നാട്ടിൽ ലോറിക്കുനേരെ കല്ലെറിയുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടായിരുന്നു. ആ വഴിക്കുള്ള അന്വേഷണമാണ് യാഥാർഥ്യം മനസ്സിലാക്കാൻ സഹായകമാവുകയെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.എ.കെ. യൂസഫ്, എം.എ. റിയാസ്, ബിജു വി. ചാക്കോ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.