കൂട്ടായി: കൂട്ടായി മൗലാന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനായുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് വന്നെങ്കിലും അഡ്മിഷൻ നൽകാതെ വിദ്യാർഥികളെ തിരിച്ചയച്ചത് രക്ഷിതാക്കളെ പരിഭ്രാന്തിയിലാഴ്ത്തി. സീറ്റ് ലഭിക്കാതെ സ്വകാര്യ സ്കൂളുകളിലോ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ചേരേണ്ടി വരുന്ന സാഹചര്യം നിലനിൽക്കെയാണ് പ്രതീക്ഷ നൽകി സപ്ലിമെൻററി അലോട്ട്മെൻറ് ഇറങ്ങിയത്. എന്നാൽ, വെള്ളിയാഴ്ചതന്നെ അഡ്മിഷന് വേണ്ടി സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണെന്നിരിക്കെ മാനേജ്മെൻറ് തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനാലും മെറിറ്റ് സീറ്റിലുൾപ്പെടുത്തി നിശ്ചയിക്കപ്പെട്ടിട്ടുള്ള മുഴുവൻ സീറ്റുകളും മാനേജ്മെൻറ് വിഭാഗത്തിലേക്ക് മറിക്കാനുള്ള നീക്കമായിരിക്കാം ഇതിനു പിന്നിലെന്ന അഭ്യൂഹവും പരന്നതോടെ രക്ഷിതാക്കളും വിദ്യാർഥികളും പരിഭ്രാന്തിയിലാണ്. മെറിറ്റ് സീറ്റിലെ പ്രവേശനത്തിനുശേഷം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരം കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന ഹൈകോടതി ഉത്തരവ് ഉള്ളതിനാലാണ് സപ്ലിമെൻററി അലോട്ട്മെൻറിൽ പ്രവേശനം ലഭിച്ച കുട്ടികൾക്ക് അഡ്മിഷൻ നൽകാതിരുന്നതെന്ന് പ്രിൻസിപ്പൽ അനിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.