കുറ്റിപ്പുറം: കഴിഞ്ഞ ഡിസംബറിൽ കാലാവധി പൂർത്തിയാക്കിയ ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർമാർക്ക് അധികാരം പുനഃസ്ഥാപിച്ച് നൽകിയത് ദിവസങ്ങൾ മാത്രം. ജൂൺ 12ന് മാധ്യമത്തിൽ വാർത്ത വന്നതിനെ തുടർന്ന് ജൂൺ 30 വരെയാണ് അധികാരം നീട്ടി നൽകിയത്. എന്നാൽ ആയിരക്കണക്കിന് ഫയലുകൾ തീർപ്പാക്കാനുള്ളതിനാൽ ഈ സമയപരിധിക്കുള്ളിൽ തീർപ്പ് കൽപ്പിച്ചത് വിരളമായ കേസുകൾ മാത്രമാണ്. എൽ/എ എൻ.എച്ച് തഹസിൽദാർ ഒഴികെ നിലവിലുള്ളവർക്ക് അധികാരം പുതുക്കി നൽകണമെന്ന് ജില്ല ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സ്ഥലപരിമിതിമൂലം വീർപ്പ് മുട്ടുന്ന താലൂക്ക് ഓഫിസുകളിൽ സിറ്റിങ് ദിവസം നിന്ന് തിരിയാനിടമില്ലാത്ത അവസ്ഥയാണ്. പട്ടയം അനുവദിച്ച് നൽകാനുള്ള അപേക്ഷകൾക്ക് പുറമെ അപ്പീൽ വഴിയെത്തുന്ന കേസുകളും തീർപ്പ് കൽപ്പിക്കാനുണ്ട്. അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തതിനാൽ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം എന്നിവക്കായി ബാങ്ക് ലോണിനപേക്ഷിച്ചവർ ദുരിതത്തിലാണ്. അധികാരമില്ലാതെ ഇത്തരം തഹസിൽദാർമാർ അനുവദിക്കുന്ന പട്ടയങ്ങൾക്കും തീർപ്പ് കൽപ്പിക്കുന്ന കേസുകൾക്കും നിയമ സാധുതയുണ്ടാകില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. റവന്യൂ മന്ത്രിയുടെ ഓഫിസിലെ ചിലരുടെ സ്വാർഥതാൽപര്യമാണ് വൈകാൻ കാരണമെന്നാണ് ആക്ഷേപം. മന്ത്രിയറിയാതെ ഉദ്യോഗസ്ഥരും ജീവനക്കാരും ചുമതലകൾ നീട്ടിനൽകുന്നത് തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് പരാതി. ജില്ലയിലെ ലാൻഡ് ട്രൈബ്യൂണലിെൻറ അധിക ചുമതലയുള്ള തഹസിൽദാർമാർക്ക് അധികാരം നീട്ടി നൽകാൻ സർക്കാറിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ (ലാൻഡ് റിസോഴ്സ്) രമ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.