ഊർങ്ങാട്ടിരി: ഓടക്കയത്തെ ആദിവാസി മേഖലകളിൽ കാട്ടാനക്കൂട്ടം മാസങ്ങളായി നടത്തുന്ന അതിക്രമങ്ങൾ അന്ത്യമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച കൊടുമ്പുഴ കോളനിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം നടത്തി. പാറക്കൂട്ടത്തിലൂടെ നിരങ്ങിയിറങ്ങിയ കാട്ടാനകൾ മുമ്പിൽ പെട്ട രണ്ടുപേർക്കെതിരെ പാഞ്ഞടുത്തെങ്കിലും ഇരുവരും ഓടി ഒരു കുടിലിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പടക്കമെറിഞ്ഞും തീ കത്തിച്ചും ആനകളെ പേടിപ്പിച്ച് തിരിച്ചോടിക്കുകയായിരുന്നു. കൊട്ടുമ്പുഴ, കുരീരി, മാങ്കുളം, നെല്ലിയായി ഭാഗങ്ങളിലൊക്കെ ആനകളുടെ വിളയാട്ടമാണ്. ഓരോ ദിവസവും ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. പലരും സ്വന്തം ഊരുകളും വീടുകളും വിട്ടിറങ്ങിയ അവസ്ഥയിലാണ്. കൊടുമ്പുഴ അംഗൻവാടിയുടെ പരിസരം വരെ ആനകളുടെ വിഹാരകേന്ദ്രമാണ് എന്നത് ഭീതി ഇരട്ടിയാക്കുന്നു. ഊർങ്ങാട്ടിരിയിലെ വെണ്ടേക്കുപൊയിലിലും ചീങ്കണ്ണിപ്പാലിയിലും കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടെനിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് ആനകൾ ഓടക്കയത്തെത്തുന്നത്. വേനൽകാലത്ത് വെള്ളം കുടിക്കാനും മഴക്കാലത്ത് ചക്ക തിന്നാനുമാണ് ആനകൾ ഓടക്കയത്തെത്തുന്നത്. കാട്ടാനശല്യം ഇല്ലാതാക്കാൻ ആദിവാസികളും കർഷകരും നിരവധി തവണ ജില്ല കലക്ടർ, വനംവകുപ്പ് മേധാവികൾ തുടങ്ങിയവരെ കണ്ടിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.