മലപ്പുറം: തയ്യൽ തൊഴിലാളിയായി ഒരേ കടയിൽ 21 വർഷം. ഇക്കാലയളവിൽ പത്ത് സെൻറ് ഭൂമി വാങ്ങി, അതിലൊരു കൊച്ചുവീടുണ്ടാക്കി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബവുമായി കഴിയുകയാണ് മണ്ണാർക്കാട് ചെങ്കര സ്വദേശി കൂടാംതൊടി സുദേവൻ (47). ജന്മംകൊണ്ട് മണ്ണാർക്കാട്ടുകാരനാണെങ്കിലും കർമംകൊണ്ട് കോട്ടക്കലുകാരൻ എന്ന് നിശ്ശേഷം പറയാം. 1997 മേയ് 10നാണ് സുദേവൻ കോട്ടക്കലിലെത്തുന്നത്. ബാപ്പു ഹാജി റോഡിലെ (ബി.എച്ച്) ബെൻസ് െടയ്ലറിങ് ഷോപ്പിൽ ദിവസവരുമാനക്കാരനായി തുടക്കം. മുൻ തൊഴിലാളിയും നാട്ടുകാരനുമായിരുന്ന വേലായുധനാണ് ജോലി തരപ്പെടുത്തിയത്. നേരത്തെ പുത്തനത്താണിയിലായിരുന്നു ജോലി. വിവാഹം ഉറപ്പിച്ചതോടെ നാട്ടിൽ ജോലി തുടരാമെന്നായിരുന്നു തീരുമാനം. 1997 ഏപ്രിൽ 27ന് പിറന്നാൾ ദിനത്തിൽ ശോഭനയുടെ കഴുത്തിൽ മിന്നുകെട്ടി. വേലായുധൻ, ജാനകി എന്നിവരുടെ എട്ടു മക്കളിൽ മൂന്നാമത്തെ മകനാണ് സുദേവൻ. ചെങ്കര യു.പിയിലും മണ്ണാർക്കാട് കെ.ടി.എം.എച്ച്.എസിലുമായിരുന്നു വിദ്യാഭ്യാസം. തുടർന്നായിരുന്നു കോട്ടക്കലിലേക്ക് തിരിച്ചത്. ഉടമകളും സഹോദരന്മാരുമായ സുരേഷ്, രവി, രമേഷ് എന്നിവരുടെ കീഴിൽ തൊഴിൽ ആരംഭിച്ചു. ചവിട്ടുന്ന മെഷീനിൽ ഒരു പാൻറിന് 33 രൂപയും ഷർട്ടിന് 13 രൂപയും ആയിരുന്നു വേതനം. ഉടമകളുടെ സ്നേഹനിർഭരമായ പെരുമാറ്റവും സഹായവും നിർലോഭം ലഭിച്ചതോടെ ഇവിടെ തുടർന്നു. കോട്ടക്കലിലെത്തുമ്പോൾ ഉടമകളടക്കം 17 പേരാണ് സ്ഥാപനത്തിൽ അന്നുണ്ടായിരുന്നത്. പിന്നീടത് മുപ്പതായി ഉയർന്നു. കാലം മാറുന്നതിനനുസരിച്ച് വസ്ത്രവിപണിയിൽ മാറ്റം വന്നെങ്കിലും മേഖലയിലേക്ക് ആളെ കിട്ടാത്ത അവസ്ഥയാണെന്ന് സുദേവൻ പറയുന്നു. 17 വർഷം ജോലി ചെയ്ത തയ്യൽ യന്ത്രം തേയ്മാനം വന്ന് ഒഴിവാക്കിയത് ഇപ്പോഴും വേദനിക്കുന്ന ഒാർമയാണ് സുദേവന്. പ്ലസ് വൺ വിദ്യാർഥി അജയ് ദേവ്, എൽ.കെ.ജി വിദ്യാർഥിനി ദിയ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.