മലപ്പുറം: ലൈഫ് ഭവനപദ്ധതിയിലെ വീടുകളുടെ നിർമാണം ജൂലൈ 31നകം പൂർത്തിയാക്കണമെന്ന് കലക്ടർ അമിത് മീണ അറിയിച്ചു. 2838 വീടുകളിൽ 2380 എണ്ണം പൂർത്തിയായി. ബ്ലോക്ക് തലത്തിൽ 89 ശതമാനവും പഞ്ചായത്ത് തലത്തിൽ 88 ശതമാനവും നഗരസഭകളുടെ 76 ശതമാനവും നിർമാണം പൂർത്തിയായെന്ന് ലൈഫ് മിഷൻ ജില്ല അവലോകന യോഗത്തിൽ അദ്ദേഹം അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 87ഉം പട്ടിക വർഗത്തിൽ 77ഉം ഫിഷറീസ് വിഭാഗത്തിൽ 86ഉം ശതമാനം വീടുകൾ പൂർത്തിയായി. ഫിഷറീസ് വിഭാഗത്തിൽ മുടങ്ങിയ ഫണ്ട് ലഭ്യമായതിനാൽ ബാക്കി ഉടൻ നിർമിക്കും. പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ നിർമാണം ആരംഭിക്കാത്ത വീടുകളുടെ ഗുണഭോക്താക്കളെ ജനപ്രതിനിധികളുടെ സഹായത്തോടെ സമീപിച്ച്് ഉടൻ തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. മുൻകൂർ തുക വാങ്ങിയിട്ടും സമയബന്ധിതമായി പദ്ധതി പൂർത്തീകരണത്തിന് സഹകരിക്കാത്ത ഗുണഭോക്താക്കൾക്ക് നോട്ടീസ് നൽകും. ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെ നടപടി സ്വീകരിക്കാനും നിർദേശം നൽകി. കാലവർഷത്തെ തുടർന്ന് റോഡ് തകർന്നത് മൂലം ചോലാർമല ൈട്രബൽ കോളനിയിലെ ലൈഫ് വീടുകളുടെ നിർമാണം പൂർത്തിയായിട്ടില്ല. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.ഒ, ഐ.ടി.ഡി.പി ഓഫിസർ എന്നിവർക്ക് നിർദേശം നൽകി. കോളനികളിലെ വീടുകളിൽ ഇടനിലക്കാർ സാമ്പത്തിക ചൂഷണം നടത്തുന്നത് നിരീക്ഷിക്കും. പട്ടികജാതി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പട്ടികജാതി വികസന ഓഫിസർമാരെയും പദ്ധതി പൂർത്തീകരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ നഗരസഭ സെക്രട്ടറിമാരെയും ബി.ഡി.ഒമാരെയും യോഗം അഭിനന്ദിച്ചു. ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ എം. ശ്രീഹരി, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ സി. ജയനാരായണൻ, മറ്റ് ഉദ്യേഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.