വടക്കഞ്ചേരി: മലയോരമേഖലയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്കേറ്റു. പാത്രക്കണ്ടത്തെ വേലായുധെൻറ മകൻ രാജനാണ് പരിക്കേറ്റത്. ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് സമീപത്തെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. രാജനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലയിലിറങ്ങിയ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ കണച്ചിപരുത പാത്രക്കണ്ടത്താണ് ശനിയാഴ്ച പുലർച്ചയോടെ കാട്ടാനകളിറങ്ങിയത്. ആനകളെ തുരത്താൻ നാട്ടുകാർ ശ്രമം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പാത്രക്കണ്ടം മണവാളൻ സാജുവിെൻറ വീട്ടുവളപ്പിലാണ് ആദ്യം രണ്ട് ആനകൾ എത്തിയത്. സ്ഥലത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ നശിപ്പിച്ചു. മാമ്പള്ളി മത്തായി, രജി, വാൽക്കുളമ്പ് യാക്കോബായ സുറിയാനി പള്ളി വകയുള്ള സ്ഥലങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. തുടർച്ചയായി ആനകൾ നാട്ടിൽ വിഹരിക്കുന്നതിനാൽ ഭീതിയോടെയാണ് മലയോര ജനത കഴിയുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി കെ.ഡി. പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആറിന് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് അടിയന്തര യോഗം ചേരും. ആനകൾക്കെതിരെ കുങ്കിയും റബർ ബുള്ളറ്റും പാലക്കാട്: കാട്ടാനകൾ നാട്ടിലിറങ്ങിയാൽ തുരത്താൻ റബർ ബുള്ളറ്റ് ഫലപ്രദമാണെന്ന തമിഴ്നാടിെൻറ അനുഭവം മുൻനിർത്തി പൊലീസ് സഹായത്തോടെ ഇത് ഉപയോഗിക്കാൻ തീരുമാനിച്ചു. ആലത്തൂർ മണ്ഡലത്തിൽ ജനജാഗ്രത സമിതി നിശ്ചയിച്ച സ്ഥലങ്ങളിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സോളാർ ഫെൻസിങ് നടത്തും. നിർവഹണത്തിനായി പഞ്ചായത്തിനെ ചുമതലപ്പെടുത്തും. തമിഴ്നാട്ടിൽനിന്ന് കുങ്കിയാനകളെ എത്തിക്കാനുള്ള സാധ്യതകളും പരിശോധിക്കും. നെന്മാറ, കൊല്ലങ്കോട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ ആനയിറങ്ങാതിരിക്കുന്നതിന് വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.