പരിശോധനയില്ലാതെ പാൽ വിൽക്കുന്നതായി പരാതി

ചിറ്റൂർ: കിഴക്കൻ മേഖലയിലെ അതിർത്തി കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള പാൽ കൊണ്ടുവന്ന് പാക്കറ്റിലാക്കി വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി. വടകരപ്പതി പഞ്ചായത്തിലെ അതിർത്തി കേന്ദ്രീകരിച്ചാണ് ഗുണമേന്മ പരിശോധനകളോ രജിസ്ട്രേഷനോ ഇല്ലാതെ ഡയറി ഫാമുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിലെ മധുര, നാമക്കൽ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്ന പാൽ മതിയായ ശുദ്ധീകരണ പ്രക്രിയകളില്ലാതെ പാക്ക് ചെയ്ത് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് വിൽപനക്ക് കൊണ്ടുപോവുകയാണ്. ഇത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ഓമനക്കുട്ടൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പാൽ മീനാക്ഷിപുരത്തെ പാൽ പരിശോധന കേന്ദ്രത്തിലെത്തിച്ച് ഗുണമേന്മ ഉറപ്പുവരുത്തണമെന്നാണ് നിയമം. ഇത് ലംഘിച്ച് കാനുകളിലെത്തിക്കുന്ന പാൽ അതിർത്തിക്കടുത്തുള്ള കേന്ദ്രങ്ങളിൽനിന്ന് പാക്ക് ചെയ്യുകയാണ് ചെയ്യുന്നത്. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിൽ വ്യാവസായിക ആവശ്യങ്ങൾക്ക് കുഴൽ കിണറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്നിരിക്കെ ഇതു ലംഘിച്ച് കുഴൽ കിണറിലെ വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. മിൽമയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സാമ്യതയുള്ള പേരുകളും അതേ പോലെയുള്ള കവറുകളുമാണ് കമ്പനികൾ ഉപയോഗിക്കുന്നത്. മൂന്നോളം കമ്പനികൾ മാസങ്ങളായി പ്രവർത്തിക്കുമ്പോഴും നടപടിയെടുക്കാൻ തയാറായിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.