കൊണ്ടോട്ടി നഗരസഭ അധ്യക്ഷനും ഉപാധ്യക്ഷയും രാജിവെച്ചു

കൊണ്ടോട്ടി: മതേതര വികസന മുന്നണി എന്ന പേരിൽ കോൺഗ്രസും സി.പി.എമ്മും ഭരണം പങ്കിടുന്ന കൊണ്ടോട്ടി നഗരസഭയിൽ ഇരു പാർട്ടികളുടെയും പരസ്പര ധാരണ പ്രകാരം ചെയർമാനും വൈസ് ചെയർപേഴ്സണും രാജിവെച്ചു. കോൺഗ്രസ് പ്രതിനിധിയായ ചെയർമാൻ സി.കെ. നാടിക്കുട്ടിയും വൈസ് ചെയർപേഴ്‌സൺ കെ. നഫീസയുമാണ് സ്ഥാനം ഒഴിഞ്ഞത്. 2017 നവംബർ 18ന് തന്നെ ധാരണ പ്രകാരം സ്ഥാനം ഒഴിയേണ്ടതായിരുന്നെങ്കിലും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിർവഹിക്കാനായി രണ്ട് മാസം കൂടി കോൺഗ്രസ് കാലാവധി സി.പി.എമ്മിൽ നിന്ന് ചോദിച്ച് വാങ്ങുകയായിരുന്നു. കൊണ്ടോട്ടിയിൽ സി.പി.എമ്മുമായുള്ള അധികാരം പങ്കിടൽ അവസാനിപ്പിക്കാൻ ഡി.സി.സിയും കെ.പി.സി.സിയും നിർദേശം നൽകിയിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു. പ്രവർത്തകരുടെ നിലപാട് അറിയാൻ ബൂത്ത് ഭാരവാഹികളെയടക്കം വിളിച്ച് ചേർത്ത് ഡി.സി.സി അഭിപ്രായ സർവേ എടുത്തിരുന്നെങ്കിലും നിലവിലുള്ള മതേതര വികസന മുന്നണി തുടർന്ന് പോവണം എന്ന അഭിപ്രായമാണ് ഭാരവാഹികൾ ഭൂരിഭാഗവും എടുത്തത്. 2011--16 ഭരണകാലത്ത് യു.ഡി.എഫിനകത്ത് അസ്വാരസ്യങ്ങൾ പലപ്പോഴായി രൂപപ്പെടുകയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറായിരുന്ന കോൺഗ്രസ് പ്രതിനിധി വി.ടി. ഫൗസിയയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗ് 18, കോൺഗ്രസ് 10, സി.പി.എം 10, സി.പി.ഐ 1, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ചെയർമാനും വൈസ് ചെയർപേഴ്സനും രാജിവെച്ച നിലക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. സമദിനാണ് താൽക്കാലിക ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.