റിപ്പബ്ലിക് ദിനത്തിലെ നീക്കം: ആർ.എസ്.എസ് വെല്ലുവിളിക്ക് പ്രതിധ്വനി ഉണ്ടായേക്കില്ല

പാലക്കാട്: സ്വാതന്ത്ര്യ ദിനത്തിൽ അരങ്ങേറിയ 'നാടകം' വെല്ലുവിളി എന്ന മട്ടിൽ റിപ്പബ്ലിക് ദിനത്തിൽ ആവർത്തിക്കാനുള്ള ആർ.എസ്.എസ് തീരുമാനം പ്രതിധ്വനിയില്ലാതെ ഒതുങ്ങാൻ സാധ്യത. നഗരത്തിലെ മൂത്താന്തറ കർണകി അമ്മൻ സ്കൂളിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയ സംഭവത്തിൽ നടപടിക്ക് മുന്നോടിയായി വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടറുടെ അന്തിമ റിപ്പോർട്ട് കാക്കുന്ന സർക്കാർ പുതിയ നീക്കത്തോട് പ്രതികരിക്കില്ലെന്നാണ് സൂചന. എന്നാൽ, കർശന നിരീക്ഷണത്തിന് തീരുമാനമുണ്ട്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ ആരംഭിക്കുന്ന ആർ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് എത്തുന്നത്. സ്വാതന്ത്ര്യദിനത്തിലേതുപോലെ റിപ്പബ്ലിക് ദിനത്തിലും സ്കൂളിൽ അദ്ദേഹം ദേശീയപതാക ഉയർത്തുമെന്ന അറിയിപ്പ് പാലക്കാട്ടെ ആർ.എസ്.എസ് സ്വാധീന മേഖലയിൽ ആഹ്ലാദത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ അദ്ദേഹം ഇതിന് തെരഞ്ഞെടുത്തത് അൺ എയ്ഡഡ് സ്കൂളാണ്. ആർ.എസ്.എസി‍​െൻറ പരിപൂർണ നിയന്ത്രണത്തിൽ പാലക്കാട് നഗരത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ കല്ലേക്കാട് സ്ഥിതി ചെയ്യുന്ന വ്യാസ വിദ്യാപീഠത്തിലാണ് മോഹൻ ഭാഗവതി‍​െൻറ പതാക ഉയർത്തൽ. കേന്ദ്ര സിലബസിൽ പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാനികേത‍​െൻറ കീഴിലാണ് ഈ വിദ്യാലയം. എയ്ഡഡ് സ്കൂൾ പോലുമല്ലാത്ത സാഹചര്യത്തിൽ ചെറുത്തുനിൽപ്പ് ദുഷ്കരമാവുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അതിന് തുനിഞ്ഞാൽ ആർ.എസ്.എസിന് ഗുണകരമാവുന്ന സ്ഥിതിവിശേഷം ഉണ്ടാവാനും സാധ്യതയുണ്ട്. കർശന നിരീക്ഷണത്തിൽ കാര്യങ്ങളൊതുക്കാനുള്ള തീരുമാനം ഈ പശ്ചാത്തലത്തിലാണ്. അതേസമയം, സ്വാതന്ത്ര്യദിനത്തിൽ മോഹൻ ഭാഗവത് പതാക ഉയർത്തിയ കർണകി അമ്മൻ ഹൈസ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണ്. സ്കൂൾ അധികൃതരിൽ നിന്ന് ഇതിനകം വിദ്യാഭ്യാസ വകുപ്പ് വിശദീകരണം വാങ്ങിയിരുന്നു. നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശത്തോടെ വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടറിൽ നിന്ന് അടിയന്തരമായി അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങളോളം പാലക്കാട്ട് ഈ തസ്തിക ഒഴിഞ്ഞുകിടന്നത് റിപ്പോർട്ടിന് കാലതാമസം ഉണ്ടാക്കിയെന്നാണ് വിശദീകരണം. സ്കൂളിനെതിരെയുള്ള നടപടി നിയമപരമായി നേരിടാനാണ് ആർ.എസ്.എസ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.