പാലക്കാട്: പാലക്കാട് നഗരസഭ ഭരണസമിതി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടിക പോലും അംഗീകരിക്കാതെ അജണ്ടകൾ മാറ്റിവെച്ചതിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാത്തതിൽ മണ്ഡലം കോൺഗ്രസിൽ അമർഷം പുകയുന്നു. സംഭവത്തിൽ ലൈഫ് പദ്ധതി ബി.ജെ.പി അട്ടിമറിക്കുകയാണെന്നാരോപിച്ച് സി.പി.എം നിരാഹാര സമരത്തിലേക്ക് കടന്നപ്പോൾ സഭക്ക് പുറത്ത് പ്രതിഷേധിക്കാൻ പ്രധാന പ്രതിപക്ഷമായ യു.ഡി.എഫ് തയാറാകാത്തതാണ് അമർഷത്തിന് കാരണം. കോൺഗ്രസ് പാർട്ടിയും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നില്ലെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും സാധിക്കുന്നില്ലെന്നാണ് പ്രധാന വിമർശനം. നഗരസഭയിൽ 'അഡ്ജസ്റ്റ്മെൻറ്' ഭരണമാണ് നടക്കുന്നതെന്ന ആരോപണം ശരിവെക്കുന്നതാണ് കോൺഗ്രസിെൻറ ഇപ്പോഴത്തെ നിലപാടെന്ന് ആരോപണമുയർന്നു. വിഷയത്തിൽ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ മാട്ടുമന്ത രംഗത്തെത്തി. ഒത്തുതീർപ്പ് രാഷ്ട്രീയാരോപണം മറികടക്കാൻ പ്രസ്ഥാനത്തിന് ബാധ്യതയുണ്ട്. ബി.ജെ.പി ഭരണത്തിനെതിരായ പ്രതിഷേധവുമായി ഇടതുപക്ഷം മുന്നോട്ടു പോകുമ്പോൾ യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വങ്ങൾ മൗനത്തിലാണ്. രാഷ്ട്രീയ പക്വത നേതൃത്വം കൈകൊണ്ടില്ലെങ്കിൽ ഒത്തുതീർപ്പ് രാഷ്ട്രീയ ആരോപണത്തിന് വിശ്വാസ്യത കൈവരും---ബോബൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെ അനുകൂലിച്ച് നിരവധി പ്രവർത്തകരാണ് രംഗത്തെത്തിയത്. ഡിസംബർ20ന് ചേർന്ന കൗൺസിൽ യോഗത്തിൽ തിരുവന്തപുരം കോർപറേഷനിൽ ബി.ജെ.പി കൗൺസിലർക്കെതിരെ പൊലീസ് നടപടിയെ പ്രതിഷേധിക്കുന്നുവെന്ന അജണ്ട പാസാക്കിയതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. അജണ്ട റദ്ദാക്കാതെ ലൈഫ് പദ്ധതിയൊഴികെ മറ്റൊരു അജണ്ടകളും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചതോടെയാണ് മുഴുവൻ അജണ്ടകളും ചെയർപേഴ്സൺ മാറ്റിവെച്ചത്. പിറ്റേ ദിവസമായ ശനിയാഴ്ച സി.പി.എം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയെങ്കിലും സഭക്ക് പുറത്ത് കോൺഗ്രസും യു.ഡി.എഫും മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.