കുഴൽമന്ദം: അന്തർസംസ്ഥാന വാണിജ്യനികുതി അതിർത്തി ചെക്ക്പോസ്റ്റുകൾ ഇല്ലാതായതോടെ സംസ്ഥാനത്തേക്ക് നികുതിവെട്ടിച്ച് കള്ളക്കടത്തുകൾ വർധിക്കുന്നു. മതിയായ രേഖകളില്ലാതെ സ്വർണവും പണവുമാണ് കടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറര കോടി രൂപയുടെ ആഭരണങ്ങളും 75 ലക്ഷം രൂപയുമാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. ചെക്ക്പോസ്റ്റുകൾ ഇല്ലാതായതോടെ വാണിജ്യ നികുതി വകുപ്പിന് വാഹന സ്ക്വാഡ് മാത്രമേ പരിശോധനക്കുള്ളൂ. യൂനിഫോം അടക്കമുള്ള അടിസ്ഥാന സൗകര്യക്കുറവും പരിശോധനക്ക് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് ദേശീയപാത വഴി അയൽസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ നികുതിവെട്ടിച്ച് സാധനങ്ങൾ കടത്തുന്നത്. ചെക്ക്പോസ്റ്റ് സംവിധാനം ഉണ്ടായിരുന്ന കാലത്ത് ഊടുവഴികളിലൂടെയും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലൂടെയുമാണ് നികുതി വെട്ടിച്ച് സാധനങ്ങൾ കടത്തിയിരുന്നത്. ലഹരിമരുന്നും ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. കഞ്ചാവ്, നിരോധിത പുകയിലയുൽപ്പനങ്ങൾ തുടങ്ങി ഹഷീഷ്, കൊക്കെയ്ൻ തുടങ്ങിയ മാരക ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. മധ്യകേരളം സ്വദേശികളും ഇതരസംസ്ഥാനക്കാരുമാണ് പിടിയിലാകുന്നവരിൽ ഭൂരിഭാഗവും. പിടികൂടുന്നതിെൻറ പതിന്മടങ്ങ് ഉൽപ്പന്നങ്ങൾ നികുതി വെട്ടിച്ച് സംസ്ഥാനത്തേക്ക് കടക്കുന്നതായി ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. പിടികൂടുന്ന ഉൽപ്പന്നങ്ങൾക്ക് മതിയായ രേഖകൾ ഹാജരാക്കി പിഴയും നികുതിയും അടച്ചാൽ വിട്ടുകൊടുക്കുന്ന നിയമമാണ് കള്ളക്കടത്തുകാർക്ക് ധൈര്യം നൽകുന്നത്. അന്തർസംസ്ഥാന സ്വകാര്യ ആഡംബര ബസുകളിലും നികുതിവെട്ടിച്ച് വിവിധ ഉൽപ്പന്നങ്ങൾ കടത്തുന്നത് സജീവമാെണന്ന ആക്ഷേപം ശക്തമാണ്. എന്നാൽ ഇത്തരം ബസുകളുടെ ഉടമകൾക്ക് ഉന്നതങ്ങളിൽ സ്വാധീനമുള്ളതിനാൽ പരിശോധന നടക്കുന്നത് വിരളമാണ്. സംസ്ഥാനത്തെ വൻ സ്വർണ കച്ചവട സ്ഥാപനങ്ങളിലേക്കാണ് ആഭരണവും സ്വർണവും കടത്തുന്നതെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.