അപകീർത്തി കേസ് ഫയൽ ചെയ്തു കോയമ്പത്തൂർ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരൻ വിജയിച്ചത് പണം നൽകിയാണെന്ന നടൻ കമൽഹാസെൻറ വിമർശനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തു. ദിനകരൻ അനുഭാവിയായ കോയമ്പത്തൂർ ഗണപതി മണിയക്കാരൻപാളയം ഇളേങ്കാവനാണ് ഹരജി നൽകിയത്. മോഷ്ടാക്കളിൽനിന്ന് ഭിക്ഷയാചിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് വോട്ടിന് പണം വാങ്ങിയ ആർ.കെ നഗറിലെ വോട്ടർമാരുടെ നടപടിയെന്ന് തമിഴ് വാരികയിൽ കമൽഹാസൻ വിശേഷിപ്പിച്ചിരുന്നു. ഇത് ടി.ടി.വി. ദിനകരനും അനുയായികൾക്കും അപകീർത്തികരമാണെന്നും 500, 501 വകുപ്പുകൾ പ്രകാരം കമൽഹാസനെതിരെ കേസെടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസ് ജനുവരി 12ന് പരിഗണിക്കും. അതിനിടെ സംസ്ഥാനമൊട്ടാകെ ദിനകരൻ അനുയായികൾ കമൽഹാസനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. പലയിടങ്ങളിലും കോലവും ചിത്രവും കത്തിച്ചു. ചെന്നൈ ആഴ്വാർപേട്ടയിലെ കമൽഹാസെൻറ വീടിന് മുന്നിലും പരിസരത്തും സുരക്ഷ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.