വിവാദ പ്രമേയത്തെച്ചൊല്ലി തർക്കം; അജണ്ടകൾ മാറ്റി

*ചെയർപേഴ്സ​െൻറ തീരുമാനത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ *ലൈഫ് പദ്ധതി അവതാളത്തിൽ പാലക്കാട്: തിരുവനന്തപുരം കോർപറേഷനില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നുവെന്ന പ്രമേയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വെള്ളിയാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലെ മുഴുവൻ അജണ്ടകളും മാറ്റിവെച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനും അനർഹരെ നീക്കം ചെയ്യുന്നതുമുൾപ്പെടെയുള്ള അജണ്ടകളാണ് ചെയർപേഴ്സൻ മാറ്റിവെച്ചത്. ഇതോടെ പാലക്കാട് നഗരസഭയിൽ പദ്ധതി പ്രതിസന്ധിയിലായി. പദ്ധതി ഗുണഭോക്തൃ പട്ടിക 2017 ഡിസംബർ 31നകം അംഗീകരിക്കണമെന്നാണ് സർക്കാർ നിർദേശം. ചെയർപേഴ്സ​െൻറ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് പ്രധാന പ്രതിപക്ഷമായ യു.ഡി.എഫ് സഭക്കകത്തും പുറത്തും പ്രതിഷേധിച്ചു. സി.പി.എമ്മും പ്രതിഷേധവുമായി രംഗത്തെത്തി. ഡിസംബർ 20ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിവാദ പ്രമേയം അജണ്ടയിൽ ഉൾപ്പെടുത്തിയത്. അന്ന് കൗൺസിൽ യോഗത്തിൽ അംഗബലം കൂടുതലുണ്ടായിരുന്ന ഭരണപക്ഷം അജണ്ട പാസാക്കിയതിനെ പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയിരുന്നു. ഈ അജണ്ട നീക്കണമെന്നും ഇതിനായി പ്രത്യേകം യോഗം വിളിക്കണമെന്നുമാണ് വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫും സി.പി.എമ്മും ആവശ്യപ്പെട്ടത്. പ്രത്യേക കൗൺസിൽ യോഗമെന്ന ആവശ്യം ചെയർപേഴ്സൻ അംഗീകരിക്കാതെ വെള്ളിയാഴ്ചത്തെ അജണ്ടയിൽ ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയൊഴിച്ച് മറ്റ് അജണ്ടകൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ ഭരണപക്ഷം ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചക്ക് വഴങ്ങിയില്ല. പ്രത്യേക കൗൺസിൽ യോഗം എന്ന ആവശ്യത്തെ ചെയർപേഴ്സൻ അംഗീകരിക്കാതിരുന്നതോടെ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് യോഗം നിർത്തിവെച്ചു. പിന്നീട് കക്ഷി നേതാക്കൾ നടത്തിയ ചർച്ചയിലും സമവായത്തിലെത്താൻ സാധിക്കാതെയായതോടെയാണ് ചെയർപേഴ്സൻ മുഴുവൻ അജണ്ടകളും മാറ്റിവെച്ചതായി അറിയിച്ചത്. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്ന അജണ്ട മാറ്റിവെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് കക്ഷിനേതാവ് കെ. ഭവദാസ് ആരോപിച്ചു. ഇതിനെതിരെ ജനത്തെ അണിനിരത്തി സമരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചെയർപേഴ്സ​െൻറ നിലപാട് ഏകപക്ഷീയമാണെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും സി.പി.എം കക്ഷിനേതാവ് എ. കുമാരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.