തിരൂരങ്ങാടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം തുടങ്ങി. ലിഫ്റ്റ് സംവിധാനമൊരുക്കാൻ 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു. കവാടത്തിൽനിന്ന് അൽപം മാറി കെട്ടിടത്തിെൻറ നടുമുറ്റം പോലുള്ള സ്ഥലത്ത് കോണിപ്പടിയോട് ചേർന്നാണ് നിർമാണം തുടങ്ങിയിട്ടുള്ളത്. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഒന്നാം നിലയിൽ താലൂക്ക് സപ്ലൈ ഓഫിസ്, എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച്, ലേബർ ഓഫിസ്, മൈനർ ഇറിഗേഷൻ ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ്, വാണിജ്യ നികുതി ഓഫിസ് എന്നിവയും രണ്ടാം നിലയിൽ സബ് ആർ.ടി.ഒ ഓഫിസുമാണ് പ്രവർത്തിക്കുന്നത്. ആർ.ടി.ഒ ഓഫിസിലേക്ക് വികലാംഗരടക്കമുള്ളവർക്ക് ലൈസൻസിനും മറ്റു സേവനങ്ങൾക്കും വരുന്നതിന് വലിയ പ്രയാസമായിരുന്നു. ലീഗൽ മെട്രോളജി ഓഫിസിലേക്ക് ത്രാസ് സീൽ ചെയ്യുന്നതിനും മറ്റു ഓഫിസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ലിഫ്റ്റ് സംവിധാനമൊരുങ്ങുന്നത് വലിയ ആശ്വാസമാകും. പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ നിർദേശപ്രകാരം പൊതുമരാമത്ത് കെട്ടിട വിഭാഗം ലിഫ്റ്റിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നു. 12 പേർക്ക് കയറാൻ ശേഷിയുള്ള ലിഫ്റ്റ് സംവിധാനമാണ് ഒരുക്കുന്നത്. തിരൂരങ്ങാടി താലൂക്ക് ഓഫിസടക്കമുള്ളവ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നതിനാൽ ലിഫ്റ്റ് സംവിധാനം അത്യാവശ്യവുമാണ്. ഇത് ഒരുങ്ങുന്നതോടെ താലൂക്ക് ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.