പാലക്കാട്: പറമ്പിക്കുളം-ആളിയാർ കരാർ തമിഴ്നാട് തുടർച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. ജനുവരി 19ന് തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയെ തുടർന്ന് ഫെബ്രുവരി 15 വരെ 400 ക്യുസെക് വെള്ളം ആളിയാർ ഡാമിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് വിട്ടുകൊടുക്കാതായതോടെയാണ് മുഖ്യമന്ത്രി കത്തെഴുതിയത്. വെള്ളം ലഭിച്ചില്ലെങ്കിൽ ചിറ്റൂർ മേഖലയിൽ കൃഷിനാശവും കുടിവെള്ള ക്ഷാമവുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചർച്ചയിലെ തീരുമാന പ്രകാരം വെള്ളം നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തുടർച്ചയായുള്ള കരാർ ലംഘനം ആശങ്കയുണ്ടാക്കുന്നതാണ്. കരാർ ലംഘനത്തിനെതിരെ ജലവിഭവ മന്ത്രി മാത്യു ടി. തോമസും പ്രതികരിച്ചിരുന്നു. ഫെബ്രുവരി ആറിന് 131 ക്യുസെക് ജലവും ഏഴിന് 64 ക്യുസെകും എട്ടിന് 32 ക്യുസെക് ജലവും മാത്രമാണ് തമിഴ്നാട് വിട്ടുകൊടുത്തത്. പറമ്പിക്കുളം ഡാമിൽനിന്ന് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് തുടരുകയാണ്. കേരളത്തിന് അർഹതപ്പെട്ട വെള്ളം വിട്ടുനൽകണമെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് വഴങ്ങുന്നില്ല. ഭരണതലത്തിൽ അറിയിപ്പ് ലഭിക്കാതെ കേരളത്തിന് വെള്ളം നൽകാനാവില്ലെന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥരുടെ നിലപാട്. കേരളത്തിന് വെള്ളം നൽകുന്ന സമയങ്ങളിൽ തമിഴ്നാട്ടിലെ കർഷകർ പ്രക്ഷോഭവുമായി രംഗത്തെത്തുന്നതാണ് ഉദ്യോഗസ്ഥരെ വലക്കുന്നത്. നാളത്തെ ചർച്ച അനിശ്ചിതത്വത്തിൽ പാലക്കാട്: ജനുവരി 19ന് തിരുവനന്തപുരത്ത് സംയുക്ത ജല നിയന്ത്രണ ബോർഡ് യോഗത്തിലെ തീരുമാന പ്രകാരം ഫെബ്രുവരി 10ന് ചെന്നൈയിൽ ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേരാമെന്ന തീരുമാനം അനിശ്ചിതത്വത്തിൽ. യോഗം സംബന്ധിച്ച് ഇതുവരെയും തമിഴ്നാട് സർക്കാർ അറിയിപ്പ് നൽകിയിട്ടില്ല. കരാർ ലംഘനവും കരാർ പുതുക്കലുമടക്കമുള്ള കാര്യത്തിൽ ചെന്നൈയിൽ നടക്കുന്ന യോഗത്തിൽ തീരുമാനമെടുക്കാമെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിരുന്നു. ചർച്ച സംബന്ധിച്ച് കേരളം കത്തു നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. എം.പിയുടെ നേതൃത്വത്തിൽ നാളെ ഉപവാസം ചിറ്റൂർ: തമിഴ്നാടിെൻറ പി.എ.പി കരാർ ലംഘനത്തിൽ പ്രതിഷേധിച്ച് പി.കെ. ബിജു എം.പിയും നാല് എം.എൽ.എമാരും ഫെബ്രുവരി 10ന് ഉപവസിക്കും. എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, കെ. ബാബു, കെ.ഡി. പ്രസേനൻ, കെ.വി. വിജയദാസ് എന്നിവരും പഞ്ചായത്ത് ജനപ്രതിനിധികളുമാണ് ഉപവസിക്കുന്നതെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഉപവാസം. വാർത്തസമ്മേളനത്തിൽ ഇ.എൻ. സുരേഷ് ബാബു, കെ. ചെന്താമര, ഹരിപ്രകാശ്, ആർ. പങ്കജാക്ഷൻ, വിനോദ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.