വഴിയോര വിശ്രമകേന്ദ്രം: നഗരസഭക്ക് തിരിച്ചടി രണ്ടാഴ്ചക്കകം നമ്പർ അനുവദിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി ജലീൽ

തിരൂർ: സ്റ്റേഡിയത്തിന് പിന്നാലെ താഴെപ്പാലം പൊതുവഴിയോര വിശ്രമകേന്ദ്രത്തി​െൻറ കാര്യത്തിലും സർക്കാർ വക തിരിച്ചടി. കെട്ടിടത്തിന് രണ്ടാഴ്ചക്കകം നമ്പർ നൽകാൻ നടപടിയെടുക്കുമെന്ന് നിയമസഭയിൽ സി. മമ്മുട്ടി എം.എൽ.എക്ക് മന്ത്രി ഡോ. കെ.ടി. ജലീൽ ഉറപ്പുനൽകി. ഇതു സംബന്ധിച്ച് എം.എൽ.എ ഉന്നയിച്ച സബ്മിഷനിലാണ് മന്ത്രി നഗരസഭയെ തള്ളി നിലപാട് വ്യക്തമാക്കിയത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസമായിട്ടും നഗരസഭ കെട്ടിട നമ്പർ നൽകാത്തതിനാൽ അടഞ്ഞുകിടക്കുകയാണ് കേന്ദ്രം. സി. മമ്മുട്ടി എം.എൽ.എ അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ചതാണ് കേന്ദ്രം. നിർമാണം പൂര്‍ത്തിയാക്കി വകുപ്പ് മന്ത്രി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ നല്‍കാത്ത തിരൂര്‍ നഗരസഭ അധികൃതരുടെ നടപടി നിഷേധാത്മകവും ഗൗരവമുള്ളതുമാണെന്ന് സബ്മിഷനിൽ സി. മമ്മുട്ടി വ്യക്തമാക്കി. പദ്ധതികള്‍ക്ക് സഹായകരമായ സമീപനം സ്വീകരിക്കുന്നതിനുപകരം അതിനെതിരെ മുഖം തിരിക്കുന്നത് ഭരണാധികാരിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഇത് ഗൗരവമായി സര്‍ക്കാര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി നമ്പര്‍ കൊടുക്കുവാന്‍ വകുപ്പ് ഉണ്ടായിട്ടും സര്‍ക്കാര്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കാത്ത നടപടി ദുരൂഹമാണെന്ന് എം.എൽ.എ പറഞ്ഞു. സര്‍ക്കാര്‍ ഇത് ഗൗരമായി കാണുന്നുവെന്നും ശക്തമായ നടപടി സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും വിഷയത്തി‍​െൻറ ഗൗരവം കണക്കിലെടുത്ത് രണ്ടാഴ്ചക്കുള്ളില്‍ നമ്പര്‍ നല്‍കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകുകയായിരുന്നുവെന്ന് എം.എൽ.എ മാധ്യമത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.