കാളികാവ്: തിരക്ക് വർധിച്ചതോടെ ചോക്കാട് പി.എച്ച്.സിയില്‍ വൈകീട്ട് വരെ ചികിത്സ നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു പറഞ്ഞു. കുടുംബാരോഗ്യ സൗഹൃദ ആശുപത്രിയാക്കി ഉയർത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രഖ്യാപന ശേഷം ചികിത്സ തേടി ഇവിടേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. ആര്‍ദ്രം പദ്ധതി പ്രഖ്യാപനം കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്. ഇരുന്നൂറിന് മുകളില്‍ ആളുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ എത്തുന്നത്. മൂന്ന് ഡോക്ടര്‍മാരും രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുന്നുണ്ട്. കെട്ടിടങ്ങള്‍ മോടികൂട്ടുകയും ലാബ് ഉൾപ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രമേഹ പരിശോധനകളും കൊളസ്‌ട്രോൾ, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, മഞ്ഞപ്പിത്ത പരിശോധന, മൂത്ര പരിശോധ എല്ലാം ഇപ്പോള്‍ ലാബില്‍ ലഭ്യമാണ്. മലേറിയ ടെസ്റ്റിനുള്ള സംവിധാനവും ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. ഒ.പി ടിക്കറ്റ് കൗണ്ടറിലും ഒ.പിയിലും മരുന്ന് വാങ്ങുന്ന സ്ഥലങ്ങളിലും വൻ തിരക്കാണ്. കൊട്ടൻ ചോക്കാടൻ മലവാരത്തിന് താഴെയുള്ള ആശുപത്രിയില്‍ എത്തിപ്പെടാനുള്ള പ്രയാസമുണ്ടായിട്ടും ഇവിടേക്കെത്തുന്നവരുടെ എണ്ണത്തില്‍ വർധനവുണ്ടായത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. മാളിയേക്കല്‍ പ്രദേശത്തുനിന്ന് ആശുപത്രിയില്‍ എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് മാളിയേക്കല്‍ സബ്സെൻററില്‍ പ്രഷർ, പ്രമേഹ രോഗികളെ പരിശോധിക്കാൻ മാസത്തിലൊരിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മാളിയേക്കല്‍ സബ്സെൻററില്‍ ആദ്യപരിശോധനക്ക് ആശുപത്രി അധികൃതര്‍ സബ്സെൻററിലെത്തും. പ്രദേശവാസികളുടെ അഭ്യർഥന മാനിച്ചാണിത്. കാളികാവ് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കുപ്പനത്ത് അലവിയുടെ നേതൃത്വത്തില്‍ നിവേദനങ്ങള്‍ ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ചോക്കാട് പി.എച്ച്.സിയില്‍ എത്തിയപ്പോഴും നിവേദനം നല്‍കിയിരുന്നു. ചോക്കാട് പി.എച്ച്.സിയിലെ രോഗികളുടെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.